രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയി ഉദ്യാനം ഒരുങ്ങുന്നു
കോഴിക്കോട്:മെഡിക്കൽ കോളേജ് ക്യാമ്പസിൽ കെയർ ഹോമിന് മുന്നിലായി 50 സെൻറ് സ്ഥലത്ത് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസിക ഉല്ലാസത്തിനായി ഉദ്യാനം ഒരുങ്ങുന്നു. അർബുദം,വൃക്ക രോഗം തുടങ്ങിയ മാരക അസുഖങ്ങൾ പിടിപെട്ടവർക്ക് ആശുപത്രി വാസത്തിന്റെ ഇടവേളകളിൽ സുരക്ഷിതമായ സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്ന ഇടമാണ് ആണ് കെയർ ഹോം. അണു പ്രസരണം ഏൽക്കാത്ത രീതിയിൽ അത്യാധുനിക ഭക്ഷണ, താമസ സൗകര്യങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.ഈ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മടുപ്പ് മാറ്റാനാണ് മുൻഭാഗത്തെ പറമ്പിൽ ഉദ്യാനം ഒരുങ്ങുന്നത്.
വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ കെയർ നേച്ചർ ആണ് ഉദ്യാനം ഒരുക്കുന്നത്.ആമ്പൽ കുളം, തണൽമരങ്ങൾ, മരച്ചുവട്ടിൽ ഇരിപ്പിടങ്ങൾ, നടപ്പാതകൾ തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ഉദ്യാനത്തിന്റെ അതിർത്തിയിൽ മുള്ളില്ലാത്ത മുളകൾ വെച്ചു പിടിപ്പിച്ചു. റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേരക്ക, സപ്പോർട്ട, മാവുകൾ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകൾ നട്ടു. ഉദ്യാന വൽക്കരണത്തിന്റെ ഉദ്ഘാടനം വൃക്ഷ തൈ നട്ടു കൊണ്ട് പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു. കെയർ നേച്ചർ കോർഡിനേറ്റർ മജീദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. എം എ ജോൺസൺ, വനമിത്ര പുരസ്കാരം ജേതാവ് വടയക്കണ്ടി നാരായണൻ, കെ പി യു അലി, അബ്ദു അരീക്കോട്, ഷാജി പരപ്പിൽ, സിദ്ദിഖ് തിരുവണ്ണൂർ, കെ ബിന്ദു, കെ ബാബു തുടങ്ങിയവർ സംസാരിച്ചു.ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട്, എം എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ മാളിക്കടവ്, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.