റവന്യു വകുപ്പിന്റെ പരാതി പരിഹാര വെബ് പോർട്ടലിന്റെ ലോഞ്ചിങ് നിർവഹിച്ചു
റവന്യു വകുപ്പിൽ പരാതി സമർപ്പണത്തിനും പരിഹാരത്തിനുമായി തയ്യാറാക്കിയ വെബ് പോർട്ടലിന്റെ ലോഞ്ചിംഗ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പൊതുജനങ്ങൾക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമർപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ടി വി അനുപമ, ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് 18004255255 എന്ന ടോൾ ഫ്രീ നമ്പറിൽ ഫോണിലൂടെയും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി പരാതി സമർപ്പിക്കുന്നതിന് www.ird.kerala.gov.in എന്ന റവന്യൂ പോർട്ടലിൽ Complaint എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജില്ല, ഉദ്യോഗസ്ഥന്റെ കാര്യാലയം, എന്നിവ തിരഞ്ഞെടുത്ത് ഉദ്യോഗസ്ഥന്റെ തസ്തിക, പേര്, പരാതിയുടെ വിവരങ്ങൾ എന്നിവ നൽകിയതിന് ശേഷം പരാതി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. എഴുതി തയ്യാറാക്കിയ പരാതിയോ അനുബന്ധ രേഖകളോ ഉൾപ്പെടുത്താനുള്ള സംവിധാനവും ലഭ്യമാണ്. ഉദ്യോഗസ്ഥന്റെ തസ്തിക, പരാതിക്കാധാരമായ ഉദ്യോഗസ്ഥന്റെ പേര് എന്നിവ നൽകാതെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവരം തരുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നില്ല.
പൊതുജനങ്ങളുടെ പരാതി സംസ്ഥാന തലത്തിൽ നോഡൽ ഓഫീസർമാർ പരിശോധിച്ച് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്കോ മേഖലാ റവന്യൂ വിജിലൻസ് ഡപ്യൂട്ടി കളക്ടർമാർക്കോ കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും.പരാതി പരിഹരിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ജീവനക്കാരുടെ സംഘടനകളുടെ യോഗം ചേർന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥ തലത്തിൽ വിവിധ പ്രചരണ പരിപാടികളടക്കം സംഘടിപ്പിക്കും. ഒരു മാസം കുറഞ്ഞത് 500 വില്ലേജുകൾ എന്ന നിലയിൽ പരിശോധനകൾ നടത്തും. മന്ത്രി, ജില്ല കളക്ടർമാർ, മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഇതിന് നേതൃത്വം നൽകും. ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ സമഗ്രമായ പരിശീലനവും ഘട്ടംഘട്ടമായി നൽകും.
ഉദ്യോഗസ്ഥരുടെ നിയമപരവും സാങ്കേതികവുമായ സംശയങ്ങൾ നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ പരിഗണിക്കുന്നതിന് ഉദ്യോഗസ്ഥർക്കാവശ്യമായ വിദഗ്ദ്ധ നിർദേശങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.