റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു. കൊയിലാണ്ടിക്ക് അഭിമാനം

കൊയിലാണ്ടി റവന്യൂ ദിനാചരണത്തിന്റെ ഭാഗമായുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കൊയിലാണ്ടിക്ക് അഭിമാനം. കോഴിക്കോട് ജില്ലയിൽ മൂന്ന് വില്ലേജ് ഓഫീസർമാർ അവാർഡിനർഹമായപ്പോൾ, രണ്ടു പേർ കൊയിലാണ്ടിയിൽ നിന്ന്. പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമായ വരിക്കോളി ജയൻ, ചേലിയ സ്വദേശിയും ചേമഞ്ചേരി വില്ലേജ് ഓഫീസറുമായ സുരേശൻ മാവിലാരി എന്നിവരാണ് റവന്യൂ അവാർഡുകൾക്ക് അർഹരായ കൊയിലാണ്ടിക്കാർ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ജയൻ, പിന്നീട് റവന്യൂ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

വയനാട് വെള്ളമുണ്ട വില്ലേജിൽ ജോലി ചെയ്യവേ, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന കോടികളുടെ തട്ടിപ്പ് കണ്ടെത്തി. ‘അത്താണി ബ്രിക്ക്സ് ആന്റ് മെറ്റൽസ്’ എന്ന സ്ഥാപനം, 2008-18 കാലത്ത് സർക്കാർ ഭൂമിയിൽ നടത്തിവന്ന കോടികളുടെ അനധികൃത പാറഖനനമാണ് ഇദ്ദേഹം അധികൃതരുടെ മുമ്പിലെത്തിച്ചത്. മൂന്ന് കുടുംബങ്ങൾക്ക് സർക്കാർ കൃഷി ആവശ്യത്തിന് പതിച്ചു നൽകിയ നാലേക്കറിലധികം പട്ടയഭൂമി സ്വന്തമാക്കിയ ശേഷം, അതിനരികിലെ സർക്കാർ ഭൂമിയിൽ നിന്ന് പാറപൊട്ടിച്ച് വില്പന നടത്തുകയായിരുന്നു കമ്പനി. ജയൻ വില്ലേജ് ഓഫീസറായി വന്നതോടെ ഭൂമി പരിശോധിച്ച്, സർക്കാർ ഭൂമിയും പട്ടയഭൂമിയും വ്യക്തമായി അടയാളപ്പെടുത്തിയ സ്കെച്ച് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ചു. ഉടമയുടെ സ്വാധീനം നിമിത്തം നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് ഒരു സബ് കലക്ടറുടെ സഹായത്തോടെ നടത്തിയ ഇടപെടലിൽ സർക്കാർ ഭൂമി വീണ്ടെടുക്കുകയായിരുന്നു. അപ്പോഴും പൊട്ടിച്ചു കടത്തിയ പാറയുടെ വിലയായ കോടികൾ ഖജനാവിലെത്തിയതുമില്ല. ഈ സംഭവത്തിൽ ജയന് സബ് കലക്ടറിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട വില്ലേജാപ്പീസർക്ക് വാളാരംകുന്ന് ആദിവാസി കോളനി നിവാസികൾ അന്ന് നൽകിയ ഉപഹാരം, വലിയ അംഗീകാരമായി ഇന്നും സൂക്ഷിക്കുന്നയാളാണ് ജയൻ.

തുടർന്ന് ചേമഞ്ചേരി വില്ലേജ് ഓഫീസറായി ചുമതലയേറ്റെടുത്ത ഇദ്ദേഹം, ചേമഞ്ചേരി വില്ലേജ് ഓഫീസിനെ   ജനകീയ ഓഫീസാക്കി മാറ്റുന്നതിന് മാതൃകാപരമായ പ്രവർത്തനം നടത്തി. യൂ വി ജോസ് ജില്ലാ കലക്ടറായിരിക്കെ ഡിപ്പാർട്ട്മെന്റ് സഹായത്തിന് പുറമേ ജനകീയ ഇടപെടലിലൂടെ ഓഫീസിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജനോന്മുഖമാക്കുന്ന പ്രവർത്തനങ്ങൾക്കും ജയൻ നേതൃത്വം നൽകി. പന്തലായനി വില്ലേജാഫീസിലെത്തിയതോടെ ഇവിടത്തെ ഓഫീസിൽ ഹൈടെക് സൗകര്യങ്ങളൊരുക്കുന്നതിനും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു. ഇവിടെ വില്ലേജ് ഓഫീസറായി മൂന്ന് കൊല്ലം തികക്കും മുമ്പ് മൂടാടിയിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ജോയിന്റ് കൗൺസിൽ, എൻ ജി ഒ യൂണിയൻ എന്നീ സർവ്വീസ് സംഘടനകൾ തമ്മിൽ ഈ കാര്യത്തിൽ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയ സമരം നടന്നു. എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിലുള്ള സമരം പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ കലക്ടറുമായി നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. ഇതോടെ ജയൻ ഉൾപ്പെടെ സ്ഥലം മാറ്റപ്പെട്ട 15 ൽ ഒമ്പത് പേരെ പഴയ ലാവണങ്ങളിൽ പുനർനിയമിച്ചു.

ചേമഞ്ചേരി വില്ലേജാപ്പീസറായ സുരേശൻ മാവിലാരി ജനങ്ങളോട് സൗമ്യമായി ഇടപെടുന്നതിൽ പേരുകേട്ട ഉദ്യോഗസ്ഥനാണ്. സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കാൻ കാരണം കണ്ടുപിടിച്ച് ജനങ്ങളെ വലക്കുന്നതിന് പകരം പ്രതിബന്ധങ്ങൾക്ക് പരിഹാരം കണ്ട് സർട്ടിഫിക്കറ്റുകളും സഹായങ്ങളും നൽകുന്നതിൽ തല്പരനായ ഉദ്യോഗസ്ഥനാണ്. അപേക്ഷിച്ചതിൽ എത്ര ശതമാനം പേർക്ക് സർട്ടിഫിക്കറ്റ് കൊടുത്തു തീർത്തു, പോക്കുവരവ് പ്രശ്നങ്ങൾ തീർപ്പാക്കിയത്, നികുതികളും കുടിശ്ശികയും പിരിച്ചെടുത്തത്, ഓഫീസ് നടത്തിപ്പ്, ഭൗതിക സൗകര്യ വികസനം, പരാതികളുടെ എണ്ണം, എന്നിവയൊക്കെയാണ് പൊതുവേ അവാർഡിനായി പരിഗണിക്കുക. ജില്ലയിലെ മികച്ച വില്ലേജാപ്പീസായി രാരോത്ത് വില്ലേജ് ഓഫീസ് പരിഗണിക്കപ്പെട്ടപ്പോൾ, അവിടത്തെ ഓഫീസറായ കെ പി അബ്ദുൾ ഗഫൂറും അവാർഡിനർഹനായി.

Comments

COMMENTS

error: Content is protected !!