റിഫയുടെ മരണത്തിൽ ദുരൂഹത ഉയർത്തി സഹോദരന് അയച്ച ശബ്ദസന്ദേശം
കോഴിക്കോട്: വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്ക് സഹോദരനു അയച്ച വാട്സാപ് ശബ്ദ സന്ദേശങ്ങൾ മരണത്തിന്റെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണു റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നടന്ന സംഭവമായതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. റിഫ അയച്ച കൂടുതൽ സന്ദേശങ്ങൾ കൈവശമുണ്ടെന്നും ഉടൻ പുറത്തു വിടുമെന്നും സഹോദരൻ പറഞ്ഞു. ദുബായിലും ഇവിടെയും പരാതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അഭിഭാഷകനെ ഉടൻ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.
രാത്രി താമസ സ്ഥലത്ത് വച്ച് ഭർത്താവ് മെഹ്നാസിന്റെ സുഹൃത്തിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നതായാണു റിഫയുടെ ശബ്ദ സന്ദേശത്തിൽ വിവരിക്കുന്നത്. ഭാഗങ്ങളാക്കി തിരിച്ച ഫ്ളാറ്റിൽ മെഹ്നാസിനും റിഫയ്ക്കും ഒപ്പം മെഹ്നാസിന്റെ സുഹൃത്തും താമസിച്ചിരുന്നു. റിഫയുടെ സന്ദേശം ലഭിച്ചപ്പോൾ സഹോദരൻ വിളിച്ചെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ വരാമെന്നായിരുന്നു ഇരുവരും പറഞ്ഞത്.