റുഖിയയുടെ പുരസ്കാരത്തുക ദുരിതാശ്വാസ നിധിയിലേക്ക്
കേരള ഫോക്ക്‌ലോര്‍ അക്കാദമി നല്‍കിയ ‘ഗുരുപൂജ’ പുരസ്‌കാരത്തുക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചാലഞ്ചിലേക്ക് സംഭാവനയായി നല്‍കി മുതിര്‍ന്ന കലാകാരി എന്‍.പി.റുഖിയ. മാപ്പിള കലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന് ലഭിച്ച തുകയാണ് കൈമാറിയത്. വനശ്രീയില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി.
റുഖിയ നാല് പതിറ്റാണ്ടോളമായി മാപ്പിളപ്പാട്ട്, ഒപ്പന പരിശീലനത്തിനും ഈ കലകളുടെ ഉന്നമനത്തിനും നിരന്തരം പ്രവര്‍ത്തിക്കുന്നു. അനേകം വിദ്യാര്‍ത്ഥികളെ ഈ രംഗത്ത് പരിശീലിപ്പിക്കുകയും പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്തുകയും ചെയ്തിട്ടുണ്ട്.
സമൂഹം കഷ്ടതയനുഭവിക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കുക എന്നു മാത്രമാണ് ഉദ്ദേശിച്ചതെന്ന് പുരസ്‌കാരത്തുക സംഭവനയായി നല്‍കിക്കൊണ്ട് റുഖിയ പറഞ്ഞു.
ചടങ്ങില്‍ മാപ്പിളപ്പാട്ട് ഗവേഷകനും വിധികര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഉസ്മാന്‍ ഇരുമ്പുഴി, മാപ്പിളപ്പാട്ട് ഗായകന്‍ അനസ് താഴത്ത് വീട്ടില്‍ പങ്കെടുത്തു