CALICUTDISTRICT NEWSMAIN HEADLINES
അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ തയ്യാറാക്കിയ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് 4) വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ തയ്യാറാക്കിയ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 4ന് വൈകിട്ട് 5.30ന് അറോറ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷനാകും. ഏഴ് നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് പുതിയ ബ്ലോക്കില്‍ ഒരുക്കിയത്. ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗവും സജ്ജമാക്കി.

ആക്‌സിഡന്റ് ആൻഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 10 തീവ്ര പരിചരണ യൂണിറ്റ്, ഐപിഡി, ഫാക്കല്‍റ്റി ഏരിയ, സിടി, എംആര്‍ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സിസിടിവി സംവിധാനം, ഡേറ്റാ സംവിധാനം, പിഎ സിസ്റ്റം, ലിഫ്റ്റുകള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ട്. എംആർഐ ഉൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ കംപ്യൂട്ടർ മോണിറ്ററിൽ ലഭ്യമാണ്. കാര്‍ഡിയോ വാസ്‌കുലര്‍ ആൻഡ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആൻഡ് റീനല്‍ ട്രാന്‍സ്‌പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി എന്നിവയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം.

കരൾ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനവും ഒരുങ്ങും. 190 ഐസിയു കിടക്കകളില്‍ 20 മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗൻ ട്രാന്‍സ്‌പ്ലാന്റേഷനും 20 കിഡ്നി ട്രാന്‍സ്‌പ്ലാന്റേഷനും 20 തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കും മാറ്റിവച്ചു. രണ്ടു നിലകളിൽ അത്യാഹിത വിഭാഗമാണ് ആദ്യം തുടങ്ങുക. താഴെ നിലയിൽ ട്രയാജൻ, റെഡ് ഏരിയ, ഒബ്സർവേഷൻ, എംആർഐ ഉൾപ്പടെയുള്ള പരിശോധനാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഒന്നാം നിലയിൽ അഞ്ച് എമർജൻസി തിയേറ്ററും 30 കിടക്കയുള്ള രണ്ട് ഐസിയുവും 80 കിടക്കയുള്ള ഒബ്സർവേഷൻ വാർഡും പ്രവർത്തിക്കും. ചികിത്സ തുടരേണ്ടേ രോഗികളെ ഇവിടെനിന്നും ആകാശപ്പാത വഴി എംസിഎച്ചിലെ വാർഡുകളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാനായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പ്രിൻസിപ്പാൾ ഡോ ഇ വി ഗോപി, നോഡൽ ഓഫീസർ ഡോ. ദിനേശൻ എന്നിവർ പങ്കെടുത്തു
Comments