റോഡ് നവീകരണത്തിലെ അനാസ്ഥ; ഉണ്ണിക്കുന്നില്‍ റോഡ് ഉപരോധം
പേരാമ്പ്ര : ചെമ്പ്ര റോഡ് നവീകരണത്തിലെ അനാസ്ഥക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉണ്ണിക്കുന്നില്‍ റോഡ് ഉപരോധിച്ചു. മൂന്ന് വര്‍ഷം മുമ്പ് കരാര്‍ നല്‍കിയ പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തീകരിക്കാത്തത് നാട്ടുകാരെയും ഇതുവഴിയുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡ് പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും കരാറുകാരന്റെ അനാസ്ഥക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ ഇതിനെതിരെ നടത്തിയിട്ടുണ്ട്. നിലവില്‍ യാതൊരു പ്രവര്‍ത്തിയും നടക്കാതായതോടെയാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം അറിയിച്ചത്.
ഉപരോധ സമരം പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം യു.സി. അനീഫ അധ്യക്ഷനായിരുന്നു. രാജന്‍ മരുതേരി, കെ.കെ. രജീഷ്, കെ.സി. മുഹമ്മദ്, കെ.എം. ബാലകൃഷ്ണന്‍, എന്‍.പി. ബാബു, വി.പി. സുരേഷ്, ജുബിന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപരോധ സമരത്തിന് ബൈജു ആയടത്തില്‍, സജീവന്‍ കുഞ്ഞോത്ത്, ഷീന ഹരിദാസ്, കെ സി പ്രവീണ്‍, ബഷീര്‍ വയലാളി, ഗോപാലന്‍ കല്ലും പുറം, എന്‍.പി. മുരളി, ബാബു മൂശാരിക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് ഏഴാം തിയ്യതി പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസ് സ്തംഭിക്കല്‍ ഉള്‍പ്പെടെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.