ലക്ഷങ്ങളുടെ അഴിമതികൾ ചൂണ്ടിക്കാട്ടുന്ന നഗരസഭയുടെ പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടും വിവാദത്തിൽ; റിപ്പോർട്ട് നഗരസഭാ അധികൃതർ പൂഴ്ത്തി, കോണ്‍ഗ്രസ്സ് പ്രവർത്തകർ പുറത്തുവിട്ടു

കൊയിലാണ്ടി: നഗരസഭയില്‍ നടന്ന വന്‍ അഴിമതികള്‍ വ്യക്തമായി സൂചിപ്പിക്കുന്ന 2021-2022 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പതിവു പോലെ നഗരസഭാ അധികൃതർ പൂഴ്ത്തിയത് കോൺഗ്രസ്സ് പ്രവർത്തകർ കണ്ടെത്തി  പത്രസമ്മേളനം നടത്തി പുറത്തുവിട്ടു.  ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ട്, മാര്‍ച്ച് മാസം ഏഴാം തിയ്യതി പ്രസിദ്ധീകരിച്ചതാണ്. പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും, ഒരു മാസത്തിനകം പ്രത്യേക നഗരസഭാ കൗൺസിൽ ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും വേണം എന്നാണ് നിയമം. റിപ്പോര്‍ട്ടും റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ തുടർന്ന് പ്രസിദ്ധീകരിക്കണം. എന്നാല്‍ ഏഴു മാസം കഴിഞ്ഞിട്ടും നഗരസഭാ ഭാരവാഹികൾ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെ നഗരസഭാ അധികൃതർ പൂഴ്ത്തിവെക്കുകയായിരുന്നു.

ക്ഷേമപദ്ധതികളില്‍ നടന്നിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിക്കുറിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. ഒരാള്‍ക്ക് പ്രതിമാസം 31000 രൂപയിലധികം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നുതായാണ് കണക്കുകൾ പറയുന്നത്. നഗരസഭയുടെ കണക്കുകളിലെ സാങ്കേതിക തകരാറുകൾ നിമിത്തമായിരിക്കാം 39 കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം ചെലവഴിച്ചിരിക്കുന്നത് ഒന്നരക്കോടിയോളം രൂപയാണ്. വികലാംഗപെന്‍ഷന്‍ ഇരുപതിനായിരത്തിലധികം രൂപ ഒരാള്‍ക്ക് പ്രതിമാസം നല്‍കുന്നതായാണ് നഗരസഭയുടെ കണക്ക്. ഈ ഇനത്തില്‍ 50 പേര്‍ക്കായി ഒരു വര്‍ഷത്തേക്ക് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയിലധികം നല്‍കിയതായാണ് കണക്ക്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ രണ്ട് ക്ഷേമപദ്ധതികളില്‍ മാത്രം നടന്നതായി ഓഡിറ്റ് റിപ്പോർട്ടിന്റെ പിൻബലത്തിൽ കോൺഗ്രസ്സ് ആരോപിക്കുന്നത്.

മാലിന്യ സംസ്കരണ പദ്ധതികൾ ഉദ്യോഗസ്ഥർക്കും ഭരണക്കാർക്കും ഒരുപോലെ ചാകരയാണ്. ഏതാണ്ട് 22 ലക്ഷം രൂപയുടെ അഴിമതിയാണ് ഈ മേഖലയിൽ ഓഡിറ്റ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. 20-21ല്‍ ഒരു വര്‍ഷം മുഴുവനായി കയറ്റി അയച്ചത് 48245 കി ഗ്രാം മാലിന്യമാണ്. എന്നാല്‍ ഓഡിറ്റ് വര്‍ഷം ഏപ്രിൽ 21 മുതല്‍ സെപ്തംബർ 21 വരെ അഞ്ച് മാസക്കാലയളവില്‍ 59 ലോഡുകളിലായി 225835 കി ഗ്രാം മാലിന്യം കയറ്റി അയച്ചതായാണ് രേഖ. ഈ വകയില്‍ 2738969 രൂപ കൈപ്പറ്റിയിട്ടുമുണ്ട്. പക്ഷേ കയറ്റി അയച്ചത് ആകെ 59 ലോഡുകളാണ്. ഈ ലോഡുകളില്‍ 18 എണ്ണത്തിന്റെ ഭാരം അളന്നത് കൊയിലാണ്ടിയില്‍ നിന്നാണ്. ബാക്കി വെസ്റ്റ്ഹില്‍, പന്തലായനി, കുറ്റ്യാടി (ആകെ ഒമ്പത് എണ്ണം) എന്നിവിടങ്ങളില്‍ നിന്നും, ബാക്കി രേഖകളില്ലാത്തതും വ്യക്തമാകാത്തതുമായ 31 ലോഡ് എവിടെ നിന്നാണ് അളന്നത് എന്നറിയില്ല എന്നാണ് നഗരസഭ പറയുന്നത്. കൊയിലാണ്ടിയില്‍ നിന്ന് അയച്ച 18 ലോഡ് മാത്രമാണ് യഥാര്‍ത്ഥത്തിലുള്ള മാലിന്യമെന്നും മറ്റുളളത് കളവാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്.

മേല്‍പറഞ്ഞ രണ്ടിനങ്ങളില്‍ മാത്രമായി ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, രണ്ട് കോടിയിലധികം രൂപയാണ് നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തിയിരിക്കുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട പര്‍ച്ചേസുകളെല്ലാം നടത്തിയിരിക്കുന്നത് ഒരേ സ്ഥാപനത്തിൽ നിന്നാണ്. സാന്‍കോര്‍പ്പ് എന്ന് പേരുള്ള സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ് എല്ലാ പർച്ചേസുകളും. യാതൊരു പരസ്പര ബന്ധവുമില്ലാത്ത വാട്ടര്‍ എ ടി എം, എം സി എഫ് എന്നിവ മുതല്‍ മണ്‍വെട്ടിവരെ ഈ സ്ഥാപനത്തില്‍ നിന്ന് തന്നെ സ്ഥിരമായി വാങ്ങുന്നു. ഉദ്യോഗസ്ഥര്‍ക്കോ, നഗരസഭാ അധികാരികള്‍ക്കോ നിക്ഷിപ്ത താല്‍പര്യമുള്ള സാന്‍കോര്‍പ്പ് എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും ഓഡിറ്റ് റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.

കുടിവെള്ള വിതരണത്തിന്റെ ടെണ്ടറില്‍ പങ്കെടുത്ത ബിജേഷ്, അഭിലാഷ് എന്നിവരും നിര്‍വ്വഹണോദ്യോഗസ്ഥനും തമ്മില്‍ ആരോഗ്യകരമല്ലാത്ത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് അസന്നിഗ്ധമായി പറയുന്ന റിപ്പോര്‍ട്ട് അഴിമതി നടത്തി എന്നുറപ്പുള്ള 5, 27,350 രൂപ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും പറയുന്നുണ്ട്. കെട്ടിടം ഉടമകളില്‍ നിന്ന് പിരിച്ച വാടക 4,48,271 രൂപ നഗരസഭയില്‍ ഇതുവരെ അടച്ചിട്ടേയില്ല.

ഇതിന് പുറമെ ഫോഗിംഗ് മെഷിന്‍, വാട്ടര്‍ എ ടി എം, ഡയറികൾ, പുസ്തകങ്ങൾ എന്നിവ വാങ്ങിയതിൽ, നികുതി ഈടാക്കലിൽ, എം സി എഫ് സ്ഥാപിക്കലിൽ, തെരുവ് വിളക്ക് പരിപാലനത്തിൽ, മഴക്കാല പൂര്‍വ്വ ശുചീകരണത്തിൽ, വരകുന്ന് ഖരമാലിന്യ സംസ്‌കരണ യൂണിറ്റിന്റെ നടത്തിപ്പിൽ, നാപ്കിന്‍ വെന്‍ഡിംഗ് മെഷിന്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയവ സ്ഥാപിക്കലിൽ എന്നിങ്ങനെ 45 വിഷയങ്ങളിലാണ് ഓഡിറ്റ് കമ്മിറ്റി ക്രമക്കേട് നടന്നതായി ചൂണ്ടിക്കാണിക്കുന്നത്. ഓഡിറ്റ് നടക്കാത്ത വളം വിതരണം, തുങ്കൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കൽ എന്നിവയിലും കോണ്‍ഗ്രസ്സ് പ്രവർത്തകർ അഴിമതി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ മണ്ണ് വില്പനയിലെ അഴിമതികൾ ഉൾപ്പെടെ പരിഹരിച്ചതായോ, അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കിയതായോ ഉള്ള പരിഹാര ക്രിയകൾ സ്വീകരിച്ചതിന്റെ വിവരങ്ങളും ഇതുവരെ നഗരസഭ സമർപ്പിച്ചിട്ടില്ലെന്നും പുതിയ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

നിര്‍ബാധം തുടര്‍ന്ന് വരുന്ന നഗരസഭയുടെ ഈ അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, അഴിമതി നടത്തി എന്ന് തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മുനിസിപ്പല്‍തല കോണ്‍ഗ്രസ്സ് കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി വി സുധാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണൽ, അഡ്വക്കേറ്റ് പി ടി ഉമേന്ദ്രൻ, മനോജ് പയറ്റ് വളപ്പിൽ, കെ പി വിനോദ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments
error: Content is protected !!