ലഭിച്ച എല്ലാ ഫലങ്ങളും നെഗറ്റീവ്; കൊറോണ നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ജില്ലാ കളക്റ്റര്‍

കോഴിക്കോട് ജില്ലയില്‍ കൊറോണ രോഗം നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി തുടരുകയാണെന്ന് ജില്ലാ കളക്റ്റര്‍ സാംബശിവറാവു കളക്റ്ററേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അറിയിച്ചു.
പുതിയതായി 16 പേരു കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ ഹൗസ് ക്വാറന്റനിലുള്ളവരുടെ എണ്ണം 332 ആയി. ബീച്ച് ആശുപത്രിയില്‍ ഒരാള്‍ കൂടി വന്നതോടെ നാലുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഒരാളുടെ സ്രവം സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 17 പേരുടെ ഫലംലഭിച്ചു. ലഭിച്ച എല്ലാ ഫലവും കൊറോണ നെഗറ്റീവാണെന്ന് ഡി.എം.ഒ ഡോ.ജയശ്രീ വി അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെഡ് മാസ്റ്റര്‍മാര്‍ക്ക് പ്ലാനറ്റോറിയത്തിലും ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലും ഡി.എം.ഒ. ഡോ. ജയശ്രീ വി, ഡബ്ലിയു.എച്ച്.ഒ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീനാഥ് രാമമൂര്‍ത്തി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കൂടാതെ ഇ.എസ്.ഐ. ഡോക്ടര്‍മാര്‍ക്ക് ഫറോക്കില്‍ ഡബ്ലിയു.എച്ച്.ഒ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നടത്തി. കോര്‍പ്പറേഷന്‍ പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിസ്ട്രിക്ട് സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. ആശാ ദേവി ക്ലാസെടുത്തു.
ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രിയില്‍ നടപ്പിലാക്കേണ്ട കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ രോഗികളെ റഫര്‍ ചെയ്യേണ്ട രീതിയേക്കുറിച്ചും പരിശീലനം നല്‍കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ, താലൂക്ക്, സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ടുമാരുടേയും മെഡിക്കല്‍ ഓഫീസര്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ കൊറോണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ബിറ്റ് നോട്ടീസ്, പോസ്റ്റര്‍ എന്നിവ തയ്യാറാക്കി നല്‍കി.
ജില്ലയില്‍ ടെലികൗണ്‍സിലിംഗിലൂടെ ആശയവിനിമയം നടത്തുകയും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആശാ പ്രവര്‍ത്തകര്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനവും ക്ലാസ്സും നടത്തിയതായും ഡി.എം.ഒ. അറിയിച്ചു. യോഗത്തില്‍ എം.ഡി.എം റോഷ്‌നി നാരായണന്‍ മറ്റു ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!