CALICUTDISTRICT NEWS
ലഹരിക്കെതിരെ ചങ്ങല തീർത്ത് വിദ്യാർഥികൾ
കോഴിക്കോട്:മനുഷ്യച്ചങ്ങല തീർത്തും ഒന്നിച്ച് പോരാടിയും ലഹരി വിപത്തിനെതിരെ അണിനിരക്കാനുറച്ച് നാട്. സ്‌കൂളുകളിൽ വിദ്യാർഥികൾ കുട്ടിച്ചങ്ങല തീർത്തും പ്രതിജ്ഞ ചൊല്ലിയും നല്ലനാളിനായി കൈകോർത്തു. ലഹരിയോട് കൂട്ടില്ല, ‘സെ നോ ടു ഡ്രഗ്‌സ്’ എന്നൊക്കെയുള്ള സന്ദേശങ്ങൾ അടയാളപ്പെടുത്തുംവിധം കുട്ടികൾ ഗ്രൗണ്ടിൽ അണിചേർന്നു. പോസ്‌റ്ററുകളും പ്ലക്കാർഡുകളുമേന്തി തെരുവുകളിൽ കുട്ടിച്ചങ്ങലകളും തീർത്തു. കലാ–-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലും ലഹരി വിരുദ്ധ പരിപാടികൾ അരങ്ങേറി.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ലഹരിവിരുദ്ധ കേരളം–-സ്കൂളുകളിൽ കുട്ടിച്ചങ്ങല’ പരിപാടിയുടെ ജില്ലാ ഉദ്ഘാടനം കാരപ്പറമ്പ് ജിഎച്ച്എസ്എസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇനി ഒരു കുട്ടിയും ലഹരിയുടെ വഴിയിലേക്ക് തിരിയാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പരിശ്രമിക്കണമെന്ന് മന്ത്രി ആഹ്വാനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി. കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, കോർപറേഷൻ വിദ്യാഭ്യാസ സമിതി അധ്യക്ഷ രേഖ, കൗൺസിലർ ശിവപ്രസാദ്, വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ മനോജ് മണിയൂർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Comments