ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ വിവിധ പദ്ധതികളുമായി ജനകീയ ജാഗ്രതാ സമിതി രണ്ടാം ഘട്ടത്തിലേക്ക്
പേരാമ്പ്ര: ചാലിക്കര മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ വിവിധ പദ്ധതികളുമായി ജനകീയ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്. പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മത സാംസ്‌കാരിക സംഘടനകള്‍, യുവജന സംഘടനകള്‍ ഇവ ഒന്നിച്ചുചേര്‍ന്നു രൂപീകരിച്ച വേദിയാണ് ജനകീയ ജാഗ്രതാ സമിതി, ചാലിക്കര, കുടുംബശ്രീ, പൊലീസ്, എക്‌സൈസ് എന്നിവയുടെ സഹായത്തോടെ പ്രദേശത്തെ എല്ലാ കുടുംബങ്ങളേയും കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളോടെയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് ജാഗ്രതാ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ബഹുജന കണ്‍വന്‍ഷന്‍ കൂടാതെ വനിത കണ്‍വന്‍ഷന്‍, യുവജന വിദ്യാര്‍ത്ഥി കണ്‍വന്‍ഷന്‍, പ്രദേശത്തെ കലാകാരന്മാരുടെ കൂട്ടായ്മ എന്നിവ പ്രത്യേകമായി വിളിച്ചു ചേര്‍ക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത കണ്‍വന്‍ഷനുകളില്‍ ആവേശകരമായ പ്രതികരണങ്ങളാണ് ഉണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള നാടിന്റെ സ്ഥിരം സംവിധാനമായി ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തവും സമിതി ലക്ഷ്യം വെയ്ക്കുന്നു. ജനകീയ ജാഗ്രതാ സമിതിയുടെ ഔപചാരികമായ ഉദ്ഘാടനം 27-02-2022 ന് ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍, പേരാമ്പ്ര പൊലീസ് ഡിവൈഎസ്പി ജയന്‍ ഡൊമിനിക് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജാഗ്രതാ സമിതി ചെയര്‍മാന്‍ എത്തി. മധുകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ സുരാജ് പാലയാട്, സി. അബ്ദുറഹിമാന്‍, കെ. സുരേന്ദ്രന്‍, പി.എം. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.