ലഹരി വിരുദ്ധ സൈക്കിൾ റാലി മന്ത്രി ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു
ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിയുന്നു മന്ത്രി.
സമൂഹത്തിൽ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന ലഹരിയിൽനിന്നും യുവതലമുറയെ മുക്തമാക്കുകയെന്നത് സമൂഹത്തിന്റെ തന്നെ ദൗത്യമാണ്. കുടുംബങ്ങളിൽനിന്നും ഇതു തുടങ്ങേണ്ടതുണ്ട്. രക്ഷിതാക്കൾക്ക് ഇതിൽ കാര്യക്ഷമമായ പങ്കു വഹിക്കാനാകും. സംസ്ഥാനത്തെ കുട്ടിപ്പോലീസിനെ പ്രശംസിച്ച മന്ത്രി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി സ്കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്യാമ്പയിനുകൾ നടത്തണമെന്നും പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി നാൽപ്പതോളം പോലീസുകാർ റാലിയിൽ അണിനിരന്നു. പോലീസ് കൺട്രോൾ റൂമിൽ നിന്നും ആരംഭിച്ച റാലി പുതിയസ്റ്റാന്റ്, മാവൂർ റോഡ്, നടക്കാവ് പോലീസ് സ്റ്റേഷൻ, ഗാന്ധി റോഡ് വഴി കസബ പോലീസ് സ്റ്റേഷനിൽ സമാപിച്ചു.
സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ ഐ.പി.എസ്. ലഹരി വിരുദ്ധ സന്ദേശം പങ്കുവെച്ചു. ഡി.സി.പി. അമോസ് മാമ്മൻ ഐ.പി.എസ്., രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സ്വാഗതസംഘം ചെയർമാൻ ഇ. രജീഷ്, കൺവീനർ ബിനുരാജ്, അസോസിയേഷൻ ഭാരവാഹികൾ, ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അൻപതോളം എസ് പി.സി. കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
മെയ് 12, 13 തിയ്യതികളിൽ മജസ്റ്റിക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിനാണ് സൈക്കിൾ റാലിയോടെ തുടക്കമായത്