തീവണ്ടിക്കൂലി: കോഴിക്കോട്ടുനിന്നുള്ള വർധന അഞ്ചുമുതൽ മുപ്പതുരൂപവരെ

കോഴിക്കോട്: തീവണ്ടിയാത്രക്കൂലി കൂട്ടിയതോടെ കോഴിക്കോട്ടുനിന്നുള്ള നിരക്കുകളിൽ അഞ്ചുമുതൽ മുപ്പതുരൂപവരെയുള്ള വർധന. സാധാരണ യാത്രക്കാർക്ക് കാര്യമായ ഭാരമുണ്ടാക്കുന്നില്ല ഈ വർധനയെന്നാണ് വിലയിരുത്തൽ.

 

സാധാരണ ടിക്കറ്റുകളിൽ അഞ്ചുമുതൽ പത്തുരൂപവരെയാണ് വർധന. എ.സി. നിരക്കുകളിലാണ് 25 രൂപയ്ക്കുമുകളിൽ വർധനയുള്ളത്. പാസഞ്ചർ വണ്ടികളിൽ ചുരുങ്ങിയ നിരക്ക് പത്തുരൂപയായും എക്സ്‌പ്രസ് വണ്ടികളിൽ മുപ്പതുരൂപയായും തുടരും.

 

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ പുതുക്കിയ നിരക്കുകളെത്രയെന്ന് പ്രദർശിപ്പിച്ചിട്ടില്ല. പുതുക്കിയ നിരക്കുകൾക്കനുസരിച്ച് സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തിയതിനാൽ ടിക്കറ്റ് കിട്ടുമ്പോഴേ പുതിയ നിരക്ക് യാത്രക്കാർ അറിയുന്നുള്ളൂ.

 

കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചുരൂപയാണ് കൂടിയത്. 130 രൂപയായിരുന്നത് 135 ആയി. സെക്കൻഡ് ക്ലാസ് റിസർവേഷൻ ടിക്കറ്റിലും അഞ്ചുരൂപയുടെ വർധനയേ വന്നിട്ടുള്ളൂ. 250 രൂപയായിരുന്നത് 255 ആയി. ജനശതാബ്ദിക്ക് പത്തുരൂപയുടെ വർധനയാണുള്ളത്. 180 രൂപയായിരുന്നത് 190 രൂപയായി. എറണാകുളത്തേക്ക് ജനശതാബ്ദിയുടെ നിരക്ക് മാറിയിട്ടില്ല. സെക്കൻഡ് ക്ലാസ് റിസർവേഷന് അഞ്ചുരൂപ കൂടി 145 ആയി. കോയമ്പത്തൂരിലേക്ക് അഞ്ചുരൂപയും (175) ചെന്നൈയിലേക്ക് 15 രൂപയുമാണ് (400) സെക്കൻഡ് ക്ലാസ് റിസർവേഷൻ ടിക്കറ്റിന് വർധിച്ചത്.

 

പാസഞ്ചർ വണ്ടികളുടെ നിരക്കിൽ മിക്ക സ്ഥലങ്ങളിലേക്കും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള നിരക്ക് 40 രൂപയായിത്തന്നെ തുടരും. എന്നാൽ, കുറ്റിപ്പുറത്തേക്കുള്ള 15 രൂപ 20 ആയി വർധിച്ചിട്ടുണ്ട്.

 

എക്സ്പ്രസ് ടിക്കറ്റുനിരക്കിലും അഞ്ചും പത്തും രൂപയുടെ വ്യത്യാസമാണുള്ളത്. കോഴിക്കോട്ടുനിന്ന് തലശ്ശേരി (40), വടകര (30), തിരൂർ (30) എന്നിവിടങ്ങളിലേക്കുള്ള നിരക്കുകൾ മാറിയിട്ടില്ല. കണ്ണൂരിലേക്ക് അഞ്ചുരൂപ കൂടി 50 ആയി. മംഗലാപുരത്തേക്ക് 80-ൽനിന്ന് 85 രൂപയായി. എറണാകുളത്തേക്ക് 75 രൂപയെന്ന നിരക്ക് മാറിയിട്ടില്ല. തിരുവനന്തപുരത്തേക്ക് 130-ൽനിന്ന് 135 രൂപയായി.

 

തേഡ് എ.സി: തിരുവനന്തപുരത്തേക്ക് 20 രൂപ കൂടി 695 രൂപയായി. എറണാകുളത്തേക്ക് പത്തുരൂപ കൂടി 505 രൂപയായി. ചെന്നൈയിലേക്ക് 25 രൂപ കൂടി 1045 രൂപയായി.

 

സെക്കൻഡ് എ.സി: തിരുവനന്തപുരത്തേക്ക് 20 രൂപ കൂടി 985 രൂപയായി. എറണാകുളത്തേക്ക് 15 രൂപ കൂടി 710 രൂപയായി. ചെന്നൈയിലേക്ക് 30 രൂപ കൂടി 1475 രൂപയായി.
Comments

COMMENTS

error: Content is protected !!