ലിംഗമാറ്റ ശസ്ത്രക്രിയ. പഠിക്കാൻ വിദഗ്ധ സമിതി
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അനന്യകുമാരുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
നിലവില്‍ സ്വകാര്യ ആശുപത്രികളാണ് കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും വിദഗ്ധ സമിതി പരിശോധിക്കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതും സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ മുന്‍ഗണനാ വിഭാഗമായി ഉള്‍പ്പെടുത്തുന്നതും പരിശോധിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
പാഠ്യപദ്ധതിയിലും അധ്യാപക കരിക്കുലത്തിലും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആന്റ് ജെന്‍ഡര്‍ ഐഡന്റിറ്റി എന്ന വിഷയം ഉള്‍പ്പെടുത്തുന്നത് പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.