ലൈഫ് ഭവന പദ്ധതി പ്രതിസന്ധിയിൽ
ലൈഫ് ഭവന പദ്ധതി പ്രതിസന്ധിയിൽ. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിര്‍മാണം തുടങ്ങിയിട്ടില്ല. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തത് കാരണം ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല.
സര്‍ക്കാരിന്‍റെ മുന്‍ഗണനാ പദ്ധതിയെന്ന നിലയില്‍ ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഒരു നിശ്ചലാവസ്ഥയിലാണ്. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുട അധ്യക്ഷന്‍മാര്‍ പറയുന്നു.
ഹഡ്കോ വായ്പയെ ആശ്രയിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ സര്‍ക്കാര്‍ ലൈഫ് പദ്ധതിക്കായി വായ്പ എടുത്തിരുന്നെങ്കിലും പുതിയ ഗുണഭോക്തൃ പട്ടികയില്‍ വന്ന കുടുംബങ്ങള്‍ക്ക് ആദ്യ ഘഡു നല്‍കാന്‍ പോലും ഈ തുക തികയില്ല.
ഈ സാഹചര്യത്തില്‍ അതിദരിദ്രര്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രം ഈ വര്‍ഷം മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. ഹഡ്കോയില്‍ നിന്ന് പുതിയ വായ്പ എടുക്കുന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും ധാരണയായിട്ടില്ല.