‘വീരശൃംഗല ‘ ആദരിക്കപ്പെടാൻ പോകുന്ന ശ്രീ കാഞ്ഞിലശ്ശേരി പദ്മനാഭന് സ്നേഹാശംസകൾ

 

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരുവേ നമ:

അഞ്ജാനത്തെ നശിപ്പിച്ച് വിജ്ഞാനമാകുന്ന സാഗരത്തിലേക്ക് ഊളിയിടാൻ പ്രകാശം നൽകുന്ന മഹത് വ്യക്തിത്വങ്ങൾ
ഗുരുനാഥൻമാർ

മഹാഗുരുനാഥൻമാരായ വ്യക്തിത്വങ്ങൾ സർവ്വസ്വമാണ് ശിഷ്യഗണങ്ങൾക്കും ദേശത്തിനു തന്നെയുംമലബാറിൽ പ്രത്യേകിച്ചും കൊയിലാണ്ടിയും സമീപ പ്രദേശങ്ങളായ ചേമഞ്ചേരി , ചെങ്ങോട്ടുകാവുകാർ എല്ലാം തന്നെയും അഭിമാനത്തോടെ ഗുരു ചേമഞ്ചേരിയുടെ നാട്ടുകാർ എന്ന് ഊറ്റം കൊണ്ടവരാണ്

കഥകളിയിൽ ഗുരു ചേമഞ്ചേരി എങ്കിൽ സംഗീതത്തിൽ മലബാർ സുകുമാരൻ ഭാഗവതർ , തബലയിൽ ചേമഞ്ചേരി തബലിസ്റ്റ് ശിവദാസ് എന്നിങ്ങനെ അനശ്വരരായ ഗുരുവരൻമാരാൽ അനുഗൃഹീതരായ നാട്

പ്രസ്തുത പ്രദേശങ്ങളിൽ ചെണ്ടയിൽ ശ്രീ കൊണ്ടംവള്ളി കുഞ്ഞികൃഷ്ണമാരാരായിരുന്നു അനേകമനേകം പേരിലേക്ക് തൻ്റെ അറിവ് പകർന്ന വാദ്യമനീഷിയായി വിളങ്ങിയത്

ചേമഞ്ചേരിയിലെ അതിപ്രശസ്തമായ ക്ഷേത്രം
ശ്രീ കാഞ്ഞിലശ്ശേരി മഹാദേവ ക്ഷേത്രം
ശിവരാത്രി മഹോത്സവത്തിന് ഇവിടെ കൊണ്ടംവള്ളിയും കൂട്ടരും സൃഷ്ടിക്കുന്ന മേളസംഗീതത്തെ ആരാധനയോടെ വീക്ഷിച്ച ഒരു കുഞ്ഞു ബാലൻ
1970 കളിൽ കാഞ്ഞിലശ്ശേരി പ്രദേശത്ത് ശ്രീ കാഞ്ഞിലശ്ശേരി ഉണ്ണിക്കൃഷ്ണമാരാരും, മദ്ധളം ഗംഗാധരേട്ടൻ്റേയും നേതൃത്വത്തിൽ ആരംഭിച്ച കാഞ്ഞിലശ്ശേരി പഞ്ചവാദ്യകലാകേന്ദ്രയിലേക്ക് ആകൃഷ്ടനാവുകയാണ്

എഴുപതുകളുടെ അവസാനങ്ങളിൽ കാഞ്ഞിലശ്ശേരി പ്രദേശത്ത് എത്തിയ തൃശൂർ സ്വദേശി ആയ ശ്രീ എരവത്ത് നാരായണമാരാരുടെ ശിക്ഷണത്തിൽ തിമിലയും, ചെണ്ടയും അഭ്യസിക്കാൻ തുടങ്ങിയ ആ കുമാരൻ തൻ്റെ ചിരകാല സ്വപ്നം മൊട്ടിടുന്നതിൻ്റെ ആനന്ദബാഷ്പങ്ങൾ ഉതിർത്ത വേളയിൽ

ദേശനാഥനായ കാഞ്ഞിലശ്ശേരി തേവരും, ആ വാദ്യകലാ ഗ്രാമവും പൂമൊട്ട് കാലാന്തരങ്ങളിൽ അതി മനോഹരമായ പുഷ്പമായി വിടർന്നുല്ലസിക്കുന്നതും നാടു മുഴുവൻ പരിമളം പടർത്തി പരിലസിക്കുന്നതും കാലേകൂട്ടി കാണുകയായിരിക്കണം!

ശ്രീ താവിളി നാരായണൻ്റേയും, കല്ല്യാണി അമ്മയുടേയും പുത്രനായി 1962 ൽ ജൻമമെടുത്ത ശ്രീ കാഞ്ഞിലശ്ശേരി പദ്മനാഭൻ്റെ അനുഗൃഹീതമായ കലാസപര്യക്ക് തുടക്കമിടുന്നത് ഇങ്ങിനെ 1979ൽ ശ്രീ എരവത്ത് നാരായണ മാരാർക്ക് ശിഷ്യപ്പെട്ട് കൊണ്ടായിരുന്നു

1980 ൽ തിമിലയിലും 1981ൽ ചെണ്ടയിലും തൻ്റെ പ്രിയപ്പെട്ട മണ്ണിൽ , പിച്ചവച്ച നാളുകളിൽ ഓടി നടന്ന ശ്രീ കാഞ്ഞിലശ്ശേരി മഹാദേവ സന്നിധിയിൽ തന്നെ അരങ്ങേറ്റം കുറിച്ച ശ്രീ പദ്മനാഭൻ്റെ ജീവിതം സാധാരണ കൈവഴികളിലൂടെ ഒഴുകി ഒഴുകി നീങ്ങാനുള്ളതായിരുന്നില്ല

അത് ചെന്നു ചെരുന്നിടങ്ങളിലെല്ലാം കളംകളം ഒഴുകി ഉല്ലസിച്ച് ,പുളിനങ്ങളെ തഴുകിയും തലോടിയും പ്രശാന്ത സുന്ദരമായ നീരൊഴുക്കായി , തെളിനീരുറവയായി അനസ്യൂതം പ്രവഹിക്കുന്ന ഗംഗാപ്രവാഹമായി രൂപാന്തരം ആർജിക്കാൻ പോന്നതായിരുന്നു!

അതുകൊണ്ടുതന്നെയാവണം തൻ്റെ അടുക്കൽ തായമ്പകയിലും, ചെണ്ടയിലും ഉപരിപഠനത്തിന് എത്തിയ ശിഷ്യൻ, തന്നെക്കാൾ പ്രായം കൊണ്ട് മൂപ്പുകൂടിയ ശിഷ്യൻ
പ്രയോഗങ്ങളിലും ,അർപ്പണത്തിലും വഴക്കവും പാകതയും ഉള്ള ശിഷ്യനെ,
അകാലത്തിൽ പൊലിഞ്ഞു പോയ ശ്രി കലാമണ്ഡലം രാമചന്ദ്ര മാരാർ ശ്രീ പദ്മനാഭനെ വെറുമൊരു ശിഷ്യനായി കണക്കാക്കാതെ തൻ്റെ താളപദ്ധതികളുടെ സ്വത്തായി തന്നെ കണ്ടത്

വെറുമൊരു പദ്മനാഭനിൽ നിന്നും നാടിൻ്റെ സ്പന്ദനമായ ശ്രീ കാഞ്ഞിലശ്ശേരി പദ്മനാഭനിലേക്ക് ശിഷ്യരുടെ ആരാധകരുടെ പ്രിയപ്പെട്ട പപ്പേട്ടനിലേക്കുള്ള വളർച്ചക്ക് തുടക്കമിടുന്നതും കലാമണ്ഡലം രാമചന്ദ്ര മാരാർക്കൊപ്പമുള്ള നാളുകളിലെ നിലയ്ക്കാത്ത കൈമെയ് വഴക്കങ്ങളും, തികഞ്ഞ അർപ്പണ ബോധവും, ഏകാഗ്രചിത്തമായി തപസ്യ പോലെ കൊണ്ടു നടന്ന അറിവിനായുള്ള ആവേശവും ആയിരുന്നു.

പഞ്ചവാദ്യത്തിൻ്റെ മഹാ അരങ്ങുകളിൽ അന്നമ്മ നട അച്ച്ചുതമാരാർ, അന്നമ്മ നട പരമേശ്വര മാരാർ ,ചോറ്റാനിക്കര നാരായണ മാരാർ , കുഴൂർ സഹോദരങ്ങൾ തുടങ്ങി തിമിലയിലെ മഹാപ്രപഞ്ചങ്ങൾക്കൊപ്പം പിച്ചവയ്ക്കാൻ മഹാഭാഗ്യം ഉണ്ടായ ശ്രീപദ്മനാഭൻ്റെ വാദ്യ വഴികളിൽ മേളകലയിലെ തിലകങ്ങളായ കാച്ചാം കുറിശ്ശി ഈച്ചര മാരാർ, തൃപ്പേക്കുളം അച്ച്ചുത മാരാർ,വാദ്യകലയിലെ കൺകണ്ട ദൈവം സാക്ഷാൽ പല്ലാവൂർ അപ്പുമാരാർ എന്നിവരുടെയെല്ലാം സാമിപ്യമുണ്ടായതോടെ ആ കലാസപര്യ സർഗലാവണ്യം ഉതിർക്കുന്ന കല്പവൃക്ഷമായി കായ്ഫലങ്ങൾ വർഷിച്ച് മനോഹരമായ യാത്ര തുടങ്ങി

കോഴിക്കോട് തളിയും, തൃശൂർ തിരുവമ്പാടിയും, ഒറ്റപ്പാലം ചിനക്കത്തൂരും, ആറൻമുള്ള പാർത്ഥസാരഥിയിലും ,ചെറുകുന്ന് അന്നപൂർണ്ണേശ്വരിയിലും എന്നു വേണ്ട കേരളത്തിലങ്ങോളമിങ്ങോളം ശ്രീ പദ്മനാഭൻ്റെ സർഗ്ഗസംഗീതം വാദ്യസംഗീതമെന്ന മനോഹര സിംഫണിയിലെ കൂട്ടായ്മയിൽ ഏറ്റവും ഇണങ്ങുന്ന ,ചേരുംപടി ചേർന്ന് ലയിക്കുന്ന കണ്ണിയായി പ്രശോഭിച്ചു കൊണ്ടേയിരുന്നു. ഗുരുത്വമാർന്ന വഴികളിലെ ശീലമായി കൊണ്ടു നടന്ന മര്യാദകളും, കൃത്രിമത്വം തൊട്ടു തൊടാത്ത നിഷ്ക്കളങ്കമായ വിനയ ഭാവങ്ങളും അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്കുള്ള യാത്രകളിലേക്ക് വഴി തെളിയിക്കുന്നതായി മാറി.

മാരാർ സമുദായം ,അല്ലെങ്കിൽ അമ്പലവാസീ വിഭാഗക്കാർ കുലത്തൊഴിലായി മാത്രം ആചരിച്ച് പോന്ന ചെണ്ടയിൽ, ആ വിഭാഗത്തിൽ നിന്നും വെളിയിൽ ആയിരുന്നിട്ട് കൂടി തൻ്റെ ഇഷ്ടം കൊണ്ട് മാത്രം ചേർന്നഭ്യസിച്ച് സ്വായത്തമാക്കിയ ശ്രീ പദ്മനാഭൻ്റെ വിപ്ലവാത്മകമായ കലാപ്രവർത്തനങ്ങൾ വ്യക്ത്യാധിഷ്ഠിതമായ മുന്നേറ്റത്തിനായി ഒതുങ്ങാൻ മാത്രമുള്ളതല്ലായിരുന്നു

മലബാറിൽ സമൂഹത്തിലെ എല്ലാതരം ആളുകളിലേക്കും ചെണ്ട എന്ന അനുഗൃഹീത വാദ്യത്തെയും, വാദ്യകലയേയും ആഴത്തിൽ വേരോടിക്കുക എന്ന മഹത്തായ കർത്തവ്യം ഒരു നിയോഗം പോലെ അദ്ദേഹത്തിലേക്കെത്തിയതാവണം

അദ്ദേഹത്തിൻ്റെ സർഗ്ഗവീഥികളിൽ, കലാസപര്യയിൽ ഏറ്റവും അനുഗ്രഹമായി മാറിയതും അനേകമനേകമുള്ള സഹസ്രങ്ങളായ ഈ ശിഷ്യ സമ്പത്ത് തന്നെയാണ്

വാദ്യസാഗരത്തിൻ്റെ അഗാധനീലിമയിൽ നീന്തിത്തുടിച്ച് മുത്തും പവിഴവും വാരിയവർ മുതൽ സ്ക്കൂൾ കലോൽസവങ്ങളിൽ ഹൃദയത്തുടിപ്പുകളായ കൊച്ചു കലാകാരൻമാരായവർ വരെ ആ കൂട്ടത്തിലുണ്ട്

ശിഷ്യരേയും കൂട്ടി കേരളത്തിന് വെളിയിൽ ഒട്ടനവധി സംസ്ഥാനങ്ങളിലെ അനേകം വേദികൾ കീഴടക്കിയ പപ്പേട്ടനോടുള്ള സ്നേഹക്കൂറിനാലാവണം ശിഷ്യരാൽ വിദേശങ്ങളിൽ ആദരവുകൾ ഏറ്റുവാങ്ങി ആനന്ദനിർവൃതിയുടെ മിഴിനീർ മുത്തുകൾ പൊഴിക്കാനുള്ള മഹാഭാഗ്യം പപ്പേട്ടന് ഉണ്ടായതും!

കൊറോണ പോലെ വാദ്യകലാകാരൻമാരെ, മാത്രമോ !സമൂഹത്തെ തന്നെ ഒറ്റപ്പെടുത്തിയ കെടുതിയുടെ നാളുകളിൽ പേടിച്ച് വിറങ്ങലിച്ച് നിൽക്കാതെ ചെറുപ്പകാലങ്ങളിൽ കൈമുതലാക്കിയ തൻ്റെ അറിവിനെ തൊട്ടുണർത്തി മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനായി, ആവേശത്തോടെ പറമ്പിലേക്കും, പാടങ്ങളിലേക്കും ഇറങ്ങി തൂമ്പയെടുത്ത പപ്പേട്ടൻ നാട്ടുകാർക്കഭിമാനം തന്നെയാണ്

വാദ്യകലയിലെ അറിവിൻ്റെ ഭണ്ഠാരമാവുമ്പോൾ തന്നെയും വാദ്യ നിർമ്മാണ രംഗത്തെ പെരുംതച്ചനും സാക്ഷാൽ വിശ്വകർമ്മാവും എല്ലാം ആയി പ്രിയജനങ്ങളിൽ വിസ്മയമാകുവാൻ ഈ വിനയാന്വിതന് പ്രയാസമേതുമുണ്ടായില്ല

2004ൽ പ്രിയ ശിഷ്യരായ ശ്രീ സന്തോഷ് കൈലാസ്, ശ്രീജിത്ത് മണി, റിജിൽ പെരുംകുനി എന്നിവർ മുന്നിൽ നിന്ന് നയിച്ച തൻ്റെ കലാസപര്യയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷം ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വലമുഹൂർത്തമായി മനസിൽ താലോലിക്കുന്നുണ്ട് പപ്പേട്ടൻ

മാനവീയ ഗുണങ്ങളേറെ ഉണ്ടായിരുന്ന , കാരുണ്യത്തിൻ്റെ കൺകണ്ട രൂപമായിരുന്ന പ്രിയശിഷ്യൻ ശ്രീജിത്ത് മണിയുടെ അകാലത്തിലെ വേർപാട് ഇന്നും കണ്ണീരോടെ ഓർക്കുന്ന പപ്പേട്ടന് സന്തോഷ് കൈലാസിൻ്റെ കലാജീവിതത്തിലെ ഉയർച്ചയിലും ,തൻ്റെ കലാജിവിതത്തിൻ്റെ തുടർക്കഥ എഴുതി, ഗുരുത്വം വിളങ്ങുന്ന സോപാന വീഥികളിലൂടെ യാത്ര ചെയ്ത് അനേകം ശിഷ്യരെ വാർത്തെടുക്കാനുള്ള അനുപമമായ കഴിവുണ്ടെന്നത് ആനന്ദവും അഭിമാനവും സൃഷ്ടിക്കുന്നുണ്ട്

ഈ വരുന്ന സെപ്തംബർ 10 ന് തൻ്റെ പ്രിയശിഷ്യൻമാരാൽ , നാട്ടിലെ പ്രിയ ജനങ്ങളാൽ വീരശൃംഗല സ്വീകരിച്ച് അനുഗ്രഹങ്ങളേറ്റുവാങ്ങാനൊരുങ്ങുകയാണ് ആ മഹാ കലാകാരൻ

‘സാദരം ശ്രീപദ്മനാഭം’ എന്ന അന്വർത്ഥമായ പേരിനാൽ പെരുമ കേട്ട് വിഖ്യാത കലാകാരൻമാരുടെ കലാവിരുന്നുകളാലും, സുഖദ സംഗീതങ്ങളാലും മോഹിപ്പിക്കുന്ന വേദിയിൽ
രാഷ്ട്രീയ, സാമൂഹിക, സംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമായ വേദിയിൽ പ്രിയ ജനങ്ങളുടെ മുമ്പാകെ വീരശൃംഗല ഏറ്റുവാങ്ങി അനുഗൃഹീതനാവാനൊരുങ്ങുന്ന ‘ശ്രീ കാഞ്ഞിശ്ശേരി പദ്മനാഭന് ‘ഞങ്ങളുടെ പ്രിയപ്പെട്ട ‘പപ്പേട്ടന്ന്’ ഹൃദ്യമായ സ്നേഹാശംസകൾ നേരുകയാണീയൊരവസരത്തിൽ

കാഞ്ഞിശ്ശേരിയുടെ, ദേശത്തിൻ്റെ തന്നെയും വാദ്യകലയിലെ മഹാഗുരുനാഥനായി എന്നും വിളങ്ങട്ടെ ‘പപ്പേട്ടൻ’

 

Comments
error: Content is protected !!