ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ഒക്ടോബർ 15ന്
സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര മേമുണ്ട ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഒക്ടോബർ 15ന് വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.
വടക്കേ മലബാറിന്റെ തീർഥാടന ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള ലോകനാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസിന്റെയും കളരി പരിശീലന കേന്ദ്രത്തിന്റെയും പ്രവൃത്തിയാണ് പൂർത്തിയായത്. ലോകനാർകാവിലെത്തുന്ന തീർഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതീകരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ലോകനാർകാവിന്റെ പേരും പെരുമയും കേട്ടറിഞ്ഞ് എത്തുന്നവർക്ക് സൗകര്യങ്ങളുടെ അഭാവം പ്രശ്നമായിരുന്നു. 2010ൽ അന്നത്തെ ടൂറിസം, ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തിയതോടെയാണ് ലോകനാർകാവിലെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ഇവിടെ മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കിപ്പണിയിൽ തുടങ്ങിയ പ്രവൃത്തികളുടെ നടപടികളും പുരോഗമിക്കുകയാണ്.