ലോറിയിൽ എത്തിച്ച ആന ഇടഞ്ഞു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ലോറിയിൽ എത്തിച്ച ആന ഇടഞ്ഞതോടെ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി പത്തരയോടെ എംസി റോഡിൽ തുരുത്തി ഈശാനത്ത് കാവ് ക്ഷേത്രത്തിന് സമീപം വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. തുരുത്തിക്കു സമീപത്തെ പറമ്പിൽ തളയ്ക്കുന്നതിനായി എത്തിച്ചപ്പോൾ ലോറിയിൽ നിന്ന് ഇറങ്ങാതെ ആന ഇടയുകയായിരുന്നു. അക്രമാസക്തനായി ലോറിയുടെ കൈവരികൾ തകർത്തു. ഇതിനിടെ പാപ്പാന്മാർ ലോറിയിൽത്തന്നെ ആനയെ ബന്ധിച്ചു.
മുൻകരുതലായി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. എംസി റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കിലോമീറ്ററോളം ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. ചെറിയ വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു പൊലീസ് ഗതാഗതം നിയന്ത്രിച്ചു. അഗ്നിരക്ഷാസേനയും എത്തി.
ലോറിയിൽ നിന്ന് ആന ഇറങ്ങാൻ ശ്രമം തുടങ്ങിയതോടെ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിൽ എലിഫന്റ് സ്ക്വാഡെത്തി 12മണിയോടെ മയക്കുവെടിവച്ചു. ലോറിയിൽ നിന്നിറങ്ങിയ ആന രാത്രി വൈകിയും റോഡിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.