വടകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പെട്രോള്‍ ചോര്‍ന്നു
വടകര: ദേശീയപാതയില്‍ ആശ ഹോസ്പിറ്റലിനു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. പെട്രോള്‍ ചോര്‍ന്നു റോഡിലേക്ക് പരന്നൊഴുകിയത് ഭീതി പരത്തി.
ഇന്നു പുലര്‍ച്ച അഞ്ചരക്കാണ് സംഭവം. തലശേരി ഭാഗത്തേക്കു പോകുന്ന ടാങ്കര്‍ ലോറി റോഡരികില്‍ നിര്‍ത്തിയ വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്. റോഡിനു കുറുകെ മറിഞ്ഞ ടാങ്കറില്‍ നിന്നു പെട്രോള്‍ ചോര്‍ന്ന് ഒഴുകിയതോടെ ഫയര്‍ഫോഴ്‌സും പോലീസും കുതിച്ചെത്തി ആവശ്യമായ രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. സമീപത്തേക്ക് പോകാന്‍ ആരേയും അനുവദിക്കുന്നില്ല. വാഹന ഗതാഗതം പഴയറോഡിലൂടെ വഴിതിരിച്ചുവിട്ടു.
ടാങ്കറില്‍ നിന്നു പെട്രോള്‍ റോഡിലൂടെ താഴ്ചയുള്ള ആശ ഹോസ്പിറ്റല്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക രാസവസ്തു അടങ്ങിയ ലായനി ഒഴുക്കിയാണ് അത്യാഹിതം ഒഴിവാക്കിയത്. പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ പെട്ടെന്നു തന്നെ രക്ഷാ പ്രവര്‍ത്തനവും സുരക്ഷാനടപടിയും കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കായി. പോലീസ് ഉള്‍പെടെയുള്ള അധികാരികള്‍ സ്ഥലത്തുണ്ട്. ഫയര്‍ഫോഴ്‌സിന്റെ അഞ്ചു യൂനിറ്റാണ് രംഗത്തുള്ളത്