വടകരയിൽ ഓണം ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും
വടകര നഗരസഭയുടെയും സഹകരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ഓണം ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും.
സെപ്റ്റംബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ വടകര ബിഎഡ് സെന്റർ ഗ്രൗണ്ടിൽ നഗരസഭയുടെ കുടുംബശ്രീ വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ വിപണന സ്റ്റാളുകൾ, നബാർഡിന്റെ ഭാഗമായുള്ള ബനാന ഫസ്റ്റ്, പൂക്കള മത്സരം വൈകുന്നേരങ്ങളിൽ കലാപരിപാടികൾ സെമിനാർ എന്നിവയാണ് ഓണം ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെസ്റ്റിനോടനുബന്ധിച്ചുള്ള പരിപാടിയുടെ സംഘാടകസമിതി യോഗം വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ കെ വനജ അധ്യക്ഷയായി. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാര വ്യവസായ സമിതി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാരുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥന്മാർ, കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പത്ത് സബ് കമ്മിറ്റികൾ രൂപീകരിച്ചു.
വടകര സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വിജയി, എം ബിജു, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഷിജു പി, കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസർ സന്തോഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ വി മീര, മണലിൽ മോഹനൻ, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ പങ്കെടുത്തു. വടകര പട്ടണത്തെ ഉണർത്തുന്ന ഗംഭീര ഫെസ്റ്റായി ഓണം ഫെസ്റ്റ് 2022 വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു.