ഗതാഗതക്കുരുക്കും മാലിന്യക്കൂമ്പാരങ്ങളും: കൊയിലാണ്ടിക്ക് ശ്വാസം മുട്ടുന്നു

കൊയിലാണ്ടി: ഗതാഗതക്കുരുക്കിനൊപ്പം മാലിന്യക്കൂമ്പാരങ്ങളും കൊയിലാണ്ടി പട്ടണത്തെ വീർപ്പുമുട്ടിക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങളൊക്കെ നിശ്ചലമായതോടെ റെയിൽവേ ലൈൻ പരിസരത്തും ലിങ്ക് റോഡിലുമൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ കുന്നുകൂടുന്നു. ഉറവിട കേന്ദ്രങ്ങളിൽ തന്നെ മാലിന്യ സംസ്കരണം നടത്തുന്നതിനുള്ള ‘ചെയ്ഞ്ച് കൊയിലാണ്ടി ‘ പോലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടികൾ നടപ്പിലാക്കിയ നഗരസഭയാണ് കൊയിലാണ്ടി. ഇത് ലക്ഷ്യം കണ്ടതോടെ മാലിന്യത്തിൻ്റെ അളവ് നഗരത്തിൽ വൻ തോതിൽ കുറഞ്ഞിരുന്നു.

കേരളത്തിലാദ്യമായി പ്ലാസ്റ്റിക് ക്യാരീ ബാഗുകൾ നിരോധിച്ച നഗരസഭയും കൊയിലാണ്ടി ആയിരുന്നു. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം ഈ നഗരത്തിലെത്തി ഇവിടത്തെ ജനകീയ ഇടപെടലുകളെ ശ്ളാഘിച്ചതും അത്രയൊന്നും പഴയ കാലത്തല്ല. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരം പ്ളാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറയുകയാണ്. സംസ്കരണ സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. നഗരസഭ ചെയ്യുന്ന എക പ്രവൃത്തി പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ പൊതുവഴിയോരത്തും തണ്ടാൻ വയലിലും മറ്റും കുന്നുകൂടിയിട്ട് കത്തിക്കുകയാണ്. പ്ളാസ്റ്റിക്ക് കത്തിച്ചാലുള്ള അപകടം ജനങ്ങളെ ബോധവൽക്കരിക്കുന്ന നഗരസഭാധികൃതരാണ് ഇത് ചെയ്യുന്നത് എന്നോർക്കണം.

അറവുശാലകളില്ലാത്തതിനാൽ തണ്ടാൻ വയൽഭാഗത്തും മാർക്കറ്റ് പരിസരത്തും അറവുമാലിന്യങ്ങളും ചീഞ്ഞ് നാറുന്നുണ്ട്. നഗരത്തിലെ മിക്കവാറും കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടി, കഴിഞ്ഞ ദിവസം മഴ പെയ്തതോടെ ചീഞ്ഞ് നാറാൻ തുടങ്ങിയിട്ടുണ്ട്. അടിയന്തര ശ്രദ്ധ ഉണ്ടായില്ലെങ്കിൽ ഷിഗല്ല പോലുള്ള സാംക്രമിക രോഗങ്ങൾ കൊയിലാണ്ടിയിലും പടർന്നു പിടിക്കാനിടയുണ്ട്.

Comments

COMMENTS

error: Content is protected !!