വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോൾ അനൂപിനെ കാണാതാവുകയായിരുന്നു.
അച്ഛൻ: അശോകൻ. അമ്മ: അനിത. സഹോദരി: അനിഷ.
നാട്ടുകാരും എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽപൊലീസും വടകര നിന്നുള്ള ഫയർഫോഴ്സ് സംഘവും കക്കയത്ത് ഉള്ള റസ്ക്യൂ ടീമും ചേർന്ന് ഇന്നലെ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടെ പുലർച്ചെ 5.50യോടെ മുങ്ങിയ സ്ഥലത്തു നിന്നു തന്നെ മൃതദേഹം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.