വടകര പോലീസ് കസ്റ്റഡി മരണം; വടകര സ്റ്റേഷനിലെ എല്ലാ പോലീസുകാർക്കും സ്ഥലം മാറ്റം
വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്. രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. പകരക്കാർ അടക്കം 56 പേർക്കാണ് സ്ഥലം മാറ്റം.
വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.
അതേസമയം വടകര സജീവന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും.എസ്ഐ എം നിജീഷ്, എഎസ്ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫിസർ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക.മൂന്നുപേരോടും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.