വടകര മുൻ എം എൽ എ, എം കെ പ്രേംനാഥ് അന്തരിച്ചു
![](https://calicutpost.com/wp-content/uploads/2023/09/4-17.jpg)
വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.
ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. സഹകാരിയും അഭിഭാഷകനുമായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവം. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തി അറസ്റ്റ് വരിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
എംപി വീരേന്ദ്രകുമാറിനൊപ്പം നിന്ന പ്രേംനാഥ് ഇടക്കാലത്ത് ജെഡിഎസിലേക്ക് പോയെങ്കിലും വീണ്ടും എല്‍ജെഡിയില്‍ തിരികെയെത്തി. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.