കുടിശ്ശിക തീര്‍ത്തില്ല; ബീച്ചാശുപത്രിയിലെ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു.

കോഴിക്കോട്: കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ ഉപകരണങ്ങള്‍ വിതരണക്കാര്‍ തിരിച്ചെടുത്തതോടെ കോഴിക്കോട് ബീച്ച്‌ ഗവ.ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. സ്റ്റെന്‍റ്, ഇംപ്ലാന്‍റ്സ് അടക്കമുള്ളവയുടെ സ്റ്റോക്കാണ് തിരികെ കൊണ്ടുപോയത്.

ആന്‍ജിയോപ്ലാസ്റ്റിയുടെ സമയത്ത് രക്തധമനികളിലെ ബലൂണ്‍ രക്തക്കട്ടകളെ പൊട്ടിച്ചു കളയുകയും തുടര്‍ന്ന് രക്തയോട്ടം സുഗമമാക്കാന്‍ ഇവിടെ സ്ഥാപിക്കുകയും ചെയ്യുന്ന ലോഹച്ചുരുളുകളാണ് സ്റ്റെന്‍റ്. എല്ലുരോഗ ശസ്ത്രക്രിയകള്‍ക്ക് ഉയോഗിക്കുന്നവയാണ് ഇംപ്ലാന്‍റ്സ്. രണ്ടു കോടിയിലധികം രൂപയാണ് ആറു മാസത്തെ കുടിശ്ശികയായി വിതരണക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. എട്ടു മാസം മുമ്ബാണ് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്.

ആധുനിക സൗകര്യങ്ങളോടെയുള്ള വാര്‍ഡ് ആരോഗ്യ വകുപ്പി‍െന്‍റ അഭിമാന പദ്ധതിയായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, ശസ്ത്രക്രിയക്കു വേണ്ട വസ്തുക്കളുടെ വിതരണം നടത്തുന്ന കമ്ബനിക്ക് അതി‍െന്‍റ പണം കൊടുത്തത് ആദ്യത്തെ രണ്ടു മാസങ്ങളില്‍ മാത്രമാണ്. പിന്നീട് കുടിശ്ശികയായി വന്ന വലിയ തുക ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയെങ്കിലും കുടിശ്ശിക അനുവദിക്കാനുള്ള നീക്കമൊന്നുമുണ്ടായില്ലെന്ന് വിതരണക്കാര്‍ പറയുന്നു.

ഇതോടെ സ്‌റ്റോക്ക് പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ശസ്ത്രക്രിയ നിശ്ചയിച്ച രോഗികളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഫണ്ടി‍െന്‍റ കുറവാണ് കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് തടസ്സമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണക്കുകള്‍ തയാറാക്കുന്നതില്‍ കാലതാമസവും വന്നു. എന്നാല്‍, ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മറ്റുചില ആഭ്യന്തര കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് അറിയുന്നത്.

Comments

COMMENTS

error: Content is protected !!