വടക്കയിൽ ബാലകൃഷ്ണന്റെ കോഴികളോടൊത്തുള്ള ജീവിതം
നീണ്ട മുപ്പത്തിയഞ്ച് വർഷക്കാലം കൊയിലാണ്ടി – വടകര റൂട്ടിലോടിയ ജയ ബസ്സിലെ ജീവനക്കാരനായിരുന്നു കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട്ടുകാരനായ വടക്കയിൽ ബാലകൃഷ്ണൻ. ബസ് ജോലിയോടൊപ്പം പൊതുപ്രവർത്തനവും നടത്തിയിരുന്നു. വർഷങ്ങൾക്കുശേഷം ഇപ്പോൾ വീട്ടിലുള്ള വിവിധതരം കോഴികളുടെ പരിപാലനവും വിതരണവുമാണ് ബാലകൃഷ്ണന്റെ പ്രവർത്തന മേഖല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാരംഭിച്ച പക്ഷികളോടും, ചെടികളോടുമുള്ള താൽപ്പര്യം ഇന്ന് വീട്ടിൽ ആറു കൂടുകളിലായുള്ള നൂറിനടുത്ത വിവിധതരം കോഴികളിലെത്തി നിൽക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ കോഴി ഇനത്തിൽപ്പെട്ട മലേഷ്യൻ സെറാമാബാന്റം 2 മുതൽ വിവിധതരം നാടൻകോഴികൾ വരെ ബാലകൃഷ്ണന്റെ കോഴി ശേഖരത്തിലുണ്ട്.
ആറുവർഷങ്ങൾക്ക് മുമ്പ് കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്നു ലഭിച്ച അഞ്ച് BV 380 ഇനത്തിൽപ്പെട്ട കോഴികളും കൂടുമായിരുന്നു തുടക്കം. പിന്നീട് ബീഹാറിൽ നിന്നുള്ള കടക്കനാട് കരിങ്കോഴി, കൊളമ്പിയൻ ലേറ്റ് ബ്രഹ്മ, സിൽവർ ഫയോമി, പോളിഷ് കോപ്പ്, കൊച്ചിൻ ബാന്റോ, അമേരിക്കൻ ബാന്റോ തുടങ്ങിയ ഇനങ്ങളും ബാലകൃഷ്ണന്റെ കോഴിക്കൂട്ടിൽ വന്നും പോയും കൊണ്ടിരുന്നു.
പിന്നീടാണ് വിവിധതരം നാടൻ കോഴിശേഖരത്തിനായുള്ള ശ്രമം തുടങ്ങുന്നത്. തിരൂരങ്ങാടിയിലെ ബാവക്ക എന്നയാളുടെ സഹായം ഇക്കാര്യത്തിൽ ബാലകൃഷ്ണന് വലിയ തുണയായി. നൂറുകണക്കിന് നാടൻ കോഴിക്കുഞ്ഞുങ്ങളെ ഇങ്ങനെ വിരിയിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞു. കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിൽ നിന്നും കോഴിക്കുഞ്ഞുങ്ങൾക്കായി ആളുകൾ ബാലകൃഷ്ണനെ തേടിയെത്തുന്നുണ്ട്. തൽപ്പരരായ അംഗങ്ങളടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പു വഴിയാണ് കോഴിക്കാര്യങ്ങൾ പരസ്പരം അറിയിക്കുന്നത്. കോഴിക്കുഞ്ഞുങ്ങൾക്കുളള വാക്സിനേഷനും, അത്യാവശ്യ ചികിത്സകളും വീട്ടിൽ നിന്നു തന്നെ ചെയ്യുന്നു.
പണ്ട് വീടിന്റെ ഭാഗമായിരുന്നു കോഴികൾ. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പരുന്തും, സംരക്ഷിക്കുന്ന തള്ളക്കോഴിയും, രാത്രിയിൽ കോഴിക്കൂടുതേടിയെത്തുന്ന കുറുക്കനും, ഓടിക്കാൻ വരുന്ന വീട്ടിലെ നായയുമൊക്കെ ജീവിതത്തിലും കഥകളിലും ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും ആളുകൾക്ക് പല രൂപത്തിൽ തിന്നാൻ മാത്രമുള്ള ‘ചിക്കനാ’യി കോഴി മാറുമ്പോൾ, വടക്കയിൽ ബാലകൃഷ്ണൻ ഇപ്പോഴും കോഴികളെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.