ദൃശ്യവിരുന്നൊരുക്കി നെല്യാടിപ്പുഴയോരം; ഡിസംബര്‍ 28 മുതല്‍ 31 വരെ കീഴരിയൂര്‍ ഫെസ്റ്റ്


കൊയിലാണ്ടി: ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ നെല്യാടിപ്പുഴയോരത്തേക്ക് ആകര്‍ഷിക്കാന്‍ കീഴരിയൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് കോരപ്ര പൊടിയാടിയില്‍ കീഴരിയൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ക്രിസ്തുമസ്, നവവത്സരാഘോഷം എന്നിവ പൊലിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് കീഴരിയൂര്‍ ഫെസ്റ്റ് നടത്തുന്നത്. നാടന്‍കലാരൂപങ്ങള്‍, കാര്‍ണിവല്‍, ഭക്ഷ്യമേള, കളരിപ്പയറ്റ്, നാടകം, തുടങ്ങിയ  കലാപരിപാടികള്‍  ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ഫെസ്റ്റ് നടത്തിപ്പിന് കീഴരിയൂര്‍ അകലാപ്പുഴ ജനകീയ കൂട്ടായ്മ രൂപവല്‍ക്കരിച്ചിട്ടുണ്ട്.


ജൈവ വൈവിധ്യം കൊണ്ടും കണ്ടല്‍ വനങ്ങളുടെ സമൃദ്ധികൊണ്ടും സമ്പന്നമാണ് നെല്യാടിപ്പുഴയോരം.കൈത്തോടുകളും, കൊതുമ്പു വളളങ്ങളും, തെങ്ങിന്‍ത്തോപ്പുകളും നിറഞ്ഞ നെല്യാടിപ്പുഴയോരം കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് അനന്ത സാധ്യതയാണുളളത്. തെങ്ങിന്‍ തോപ്പിന് നടുവിലൂടെയുളള കീഴരിയൂര്‍ പൊടിയാടി റോഡിലൂടെ സഞ്ചരിച്ചാല്‍ തന്നെ നെല്യാടിപ്പുഴയെന്ന് നാട്ടുകാര്‍ വിളിക്കുന്ന അകലാപ്പുഴയുടെ അഭൗമമായ സൗന്ദര്യം ആസ്വദിക്കാം.  നെല്യാടിപ്പുഴയോരം കേന്ദ്രീകരിച്ച് ജല ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുണ്ടെങ്കിലും അധികൃതര്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് മാത്രം.


നെല്യാടിപ്പുഴ, അകലാപ്പുഴ, കൊടക്കാട്ടുംമുറി എന്നിവിടങ്ങളില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉല്ലാസ ബോട്ട്സ ര്‍വ്വീസുകളുണ്ട്. പ്രവാസികള്‍, നാട്ടുകാര്‍, വ്യക്തികളുടെ കൂട്ടായ്മകള്‍ എന്നിവരാണ് ഉല്ലാസബോട്ട് നടത്തിപ്പുകാര്‍.

മുപ്പതോളം ഉല്ലാസബോട്ട് അകലാപ്പുഴ കേന്ദ്രീകരിച്ചുണ്ട്. കണ്ടല്‍ വനങ്ങളുടെ കേന്ദ്രമാണ് ഈ പുഴയോരം.  ഗവേഷക തല്‍പ്പരരായവര്‍ക്ക് കണ്ടല്‍ച്ചെടികളെ കുറിച്ചു പഠിക്കാനുളള നല്ല ഇടമാണിത്. പാമ്പന്‍ തുരുത്തും, പൊടിയാടി എസ്റ്റേറ്റും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമായിരിക്കും. അകലാപ്പുഴയുമായി സന്ധിക്കുന്ന ചെറുപ്പുഴയുടെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് പൊടിയാടി എസ്റ്റേറ്റ്. ഇവിടെ ഇരു കരകളിലും സമൃദ്ധമായ കേരനിരകളാണ്. അപൂര്‍വ്വയിനം പക്ഷികളുടെയും ദേശാടന കിളികളുടെയും സങ്കേതമാണ് നെല്യാടിപ്പുഴയിലെ തുരുത്തുകള്‍. കായല്‍പ്പരപ്പു പോലെയാണ് നെല്യാടിപ്പുഴ.

പൊടിയാടി-തുറയൂര്‍ റോഡിലെ നടയ്ക്കല്‍, മുറി നടയ്ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ വലിയ തോതിലുളള വികസന സാധ്യതയാണ് ഇവിടെ വരിക. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെയാണ് പാലങ്ങള്‍ നിര്‍മ്മിച്ചത്. മുമ്പ് വീതി കുറഞ്ഞ ഒരു ചെറുപാലമാണ് ഇവിടെയുണ്ടായിരുന്നത്. കീഴരിയൂര്‍-തുറയൂര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മനോഹാരിത തുളുമ്പി നില്‍ക്കുന്ന നെല്യാടിപ്പുഴയോരം ആസ്വദിച്ച് യാത്ര ചെയ്യാം.

ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ നെല്യാടി പൊടിയാടിയില്‍ നിന്നാരംഭിച്ച് മീറോട് മല, പൂഴിത്തോട്, വയനാട് ബാണാസുര സാഗര്‍ വരെ നീളുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ പരിഗണനയിക്ക് അയച്ചിരുന്നു. 405 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണിത്. എന്നാല്‍ പദ്ധതിയുടെ ഒരു ഭാഗം കീഴരിയൂര്‍ പഞ്ചായത്ത് വഹിക്കേണ്ടി വരുമെന്ന നിര്‍ദ്ദേശം വന്നതോടെ പദ്ധതി വെളിച്ചം കണ്ടില്ല. പേരാമ്പ്ര മണ്ഡലം വികസന പദ്ധതിയിലും നെല്യാടിപ്പുഴ ടൂറിസം പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു.

Comments
error: Content is protected !!