വന്ദേഭാരത് എക്‌സ്പ്രസിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു

വന്ദേഭാരത് എക്‌സ്പ്രസിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ആർപിഎഫ്. യുവമോർച്ചാ ഭാരവാഹി ഇ.പി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്. 

ഇന്നലെ വന്ദേഭാരത് പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇന്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോസ്റ്റർ ഒട്ടിച്ച പാർട്ടി പ്രവർത്തകനെ പിടികൂടി. പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ സെന്തിലാണ് പിടിയിലായത്. ആരുടേയും നിർദേശ പ്രകാരമല്ല പോസ്റ്റർ ഒട്ടിച്ചതെന്ന്  സെന്തിൽ പറഞ്ഞു. ആവേശത്തിലാണ് പോസ്റ്റർ ഒട്ടിച്ചത് എന്നും ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും സെന്തിൽ പറഞ്ഞു.

പോസ്റ്ററിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണം ആണെന്നും ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്നും വി കെ ശ്രീകണ്ഠൻ എം പി അറിയിച്ചു. അതോടൊപ്പം സൈബർ അറ്റാക്കിനെതിരെ എസ് പിക്ക് പരാതി നൽകുമെന്ന് വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു.

Comments

COMMENTS

error: Content is protected !!