വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആൻ്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുതുശേരി വെള്ളാരംകുന്നിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.