തൃശൂർപൂരത്തിന്റെ കുടമാറ്റത്തിലെ വർണക്കുടകളുടെ എണ്ണം കുറക്കാൻ  തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗത്തിൽ ധാരണ

തൃശൂർ പൂരത്തിന്റെ ആകർഷക കാഴ്ചയായ കുടമാറ്റത്തിലെ വർണക്കുടകളുടെ എണ്ണം കുറക്കാൻ  തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗത്തിൽ ധാരണയായി. സമയനിഷ്ഠ പാലിക്കുക, കടുത്ത അധ്വാനം കുറയ്ക്കുക, കൂട മാറ്റം കൂടുതൽ ആസ്വദിക്കാൻ സാഹചര്യമൊരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.

നേരത്തെ അമ്പത് മുതൽ 70 സെറ്റുകൾ വരെ കുടകൾ ഉയർത്തിയിരുന്ന സ്ഥാനത്ത് ഇനി നാൽപ്പതു സെറ്റ് കുടകളിൽ ഒതുങ്ങും. 35 സെറ്റ് സാധാരണ കുടകളും അഞ്ച് സെറ്റ് സ്പെഷ്യൽക്കുടകളുമാണ് ഉണ്ടാവുക. കൂടുതൽ കുടകൾ മൂലം ഉണ്ടാകുന്ന സമയനഷ്ടവും അധ്വാനവും കണക്കിലെടുത്താണ് നിയന്ത്രണം. മുമ്പ് ആറരയോടെ കുടമാറ്റം പൂർത്തിയായിരുന്നു. ഇപ്പോൾ എട്ടുമണി കഴിഞ്ഞാലും പൂർത്തിയാകാത്ത സ്ഥിതിയുണ്ട്.  തൃശൂർ പൂരത്തിലെ പ്രധാന ഇനം കൂടിയാണ് തേക്കിൻകാടിന്റെ തെക്കേ ചരുവിലെ കുടമാറ്റം.

ഇതോടൊപ്പം വെടിക്കെട്ട് കൂടുതൽ ആളുകൾക്ക് കാണാനുള്ള സാഹചര്യം ഒരുക്കാൻ ദൂരപരിധി കുറയ്ക്കാനുള്ള ശ്രമം നടത്തും. കേന്ദ്ര സർക്കാരിനോടും എക്സ്പ്ലോസീവ് വകുപ്പിനോടും നിർദേശം വെക്കും. കാണികൾക്കുള്ള 100 മീറ്റർ ദൂരം എന്ന നിബന്ധന അറുപതു മീറ്ററാക്കണമെന്നാണ് ദേവസ്വങ്ങൾ മുന്നോട്ട് വെക്കുന്ന നിർദേശം. വെടിക്കെട്ടിന്റെ ശക്തി മുൻ വർഷങ്ങളെക്കാൾ കുറച്ച സാഹചര്യത്തിൽ ദൂരപരിധിയിലും ഇളവ് അനുവദിക്കണമെന്നാണ് അഭ്യർത്ഥന. കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും ദേവസ്വങ്ങൾ പറയുന്നു. പാറമേക്കാവ് ഭാഗത്ത് രാഗം തിയേറ്റർ വരെയും തിരുവമ്പാടി ഭാഗത്ത് ബാനർജി ക്ലബ്ബ് വരെയും റൗണ്ടിൽ ആളുകളെ പ്രവേശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഏപ്രിൽ 30നാണ് ഈ വർഷത്തെ തൃശൂർ പൂരം.

Comments

COMMENTS

error: Content is protected !!