വയനാട്ടിൽ 25 ശതമാനവും ഉരുൾപൊട്ടൽ മേഖല

വയനാട്‌ ജില്ലയുടെ 25.97 ശതമാനം പ്രദേശവും ഉരുൾപൊട്ടൽ–-മണ്ണിടിച്ചിൽ സാധ്യതയുള്ളതെന്ന്‌ റിപ്പോർട്ട്‌. പൊഴുതന, വൈത്തിരി, മേപ്പാടി, തവിഞ്ഞാൽ, തിരുനെല്ലി, തരിയോട്‌, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മൂപ്പൈനാട്‌, തൊണ്ടർനാട്‌ പഞ്ചായത്തുകളിലെ പകുതിയിലധികം പ്രദേശത്തും 50 ശതമാനത്തിന്‌ മുകളിൽ ഉരുൾപൊട്ടൽ–-മണ്ണിടിച്ചിൽ സാധ്യതയുണ്ട്‌.

 

ജൈവവൈവിധ്യ ബോർഡ്‌ സഹായത്തോടെ ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്‌ ഗാർഡൻ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ.  2018ലെ കനത്ത മഴയ്‌ക്കുശേഷമായിരുന്നു ഹ്രസ്വകാല പഠനം നടത്തിയത്‌.

 

മഴ, മണ്ണിന്റെ ഘടന, ചെരിവ്‌, ഭൂമിയുടെ നനവ്, ഭൂവിനിയോഗം തുടങ്ങി 14 ഘടകത്തെയാണ്‌ അടിസ്ഥാനമാക്കിയത്‌. വനത്തിൽമാത്രം 60 വലിയ ഉരുൾപൊട്ടലും 56 ചെറിയ ഉരുൾപൊട്ടലും ഉണ്ടായെന്ന്‌ കണ്ടെത്തി. 50 ഹെക്ടറിലധികം വനഭൂമി നശിച്ചു. 376 തരം പുഷ്‌പിത സസ്യങ്ങൾക്കും 21 തരം പന്നൽ ചെടികൾക്കും നാശമുണ്ടായി.
ഇവയിൽ ചിലത്‌ വയനാട്ടിലോ പശ്ചിമഘട്ടത്തിലോ മാത്രമുള്ള തനത്‌ സസ്യങ്ങളാണിവ.

 

ബ്രഹ്മഗിരി, പ്ലാമൂല, കുറിച്യർമല, സുഗന്ധഗിരി -അമ്പതേക്കർ, പ്രിയദർശിനി എസ്‌റ്റേറ്റ്‌ എന്നിവിടങ്ങളിലും സമീപ വനപ്രദേശങ്ങളിലും മണ്ണിടിഞ്ഞ്‌ താഴുകയോ വിള്ളലുണ്ടാവുകയോ ചെയ്‌തു. ഡയറക്ടർ ഡോ. ആർ പ്രകാശ്‌കുമാറിന്റെ മേൽനോട്ടത്തിൽ ഡോ. ദീപു ശിവദാസ്‌, ഡോ. ഗീതാകുമാരി, പി ജി വിനോദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
Comments

COMMENTS

error: Content is protected !!