വാക്ക് തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
കോഴിക്കോട് : വാക്ക് തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മഞ്ചേരി കോഴിക്കോട് റോഡിൽ പേട്ടയിൽ മുഹമ്മദ് മൊയ്തീൻ കുരിക്കൾ (46) ആണ് അറസ്റ്റിലായത്. വധശ്രമത്തിന് കേസെടുത്ത മെഡിക്കൽ കോളേജ് പോലീസ് ഞായറാഴ്ച മഞ്ചേരിയിലെ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം അഞ്ചിന് സുഹൃത്തുക്കളുമൊത്ത് കോഴിക്കോട്ടെത്തിയ ഇയാൾ കാറിൽ ചുറ്റിക്കറങ്ങുന്നതിനിടെ വാക്‌തർക്കത്തെത്തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മഞ്ചേരി സ്വദേശി വിനേഷ് മൂസയെ (43) കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. പരിക്കേറ്റ വിനേഷ് മൂസയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി മുൻകൂർജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു പറഞ്ഞു. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.