രേഖകളില്ലാതെ ലക്ഷങ്ങള്‍ കൈവശം വെച്ച കേസില്‍ നാലു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

രേഖകളില്ലാതെ ലക്ഷങ്ങള്‍ കൈവശം വെച്ച കേസില്‍ നാലു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഉസ്താദിനൊരു വീട് എന്ന പദ്ധതിയില്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് മുന്‍കൂറായി പണം സ്വീകരിച്ച് കൈവശം വെച്ചത്. അങ്ങാടിപ്പുറം രാമപുരം സ്വദേശി പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരംക്കോടന്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍ (31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്.

മഞ്ചേരി മുട്ടിപ്പാലത്ത് ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് ഇവര്‍ പണം സ്വീകരിച്ചത്. ഇവരില്‍ നിന്ന് 58.5 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോണുകള്‍, ഇലട്രോണിക് നോട്ടെണ്ണല്‍ യന്ത്രം, നിരവധി റസീപ്റ്റ് ബുക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, ഉടമ്പടി കരാര്‍ രേഖകള്‍ എന്നിവയും പിടിച്ചെടുത്തു. രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ കരിങ്കല്ലത്താണിയിലെ വീട്ടില്‍ സൂക്ഷിച്ച 30 ലക്ഷത്തി 70000 രൂപയും പിടിച്ചെടുത്തു.

ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ടിപ്പാലത്തെ ഡിവൈന്‍ ആന്റ് ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ ഓഫീസില്‍ മഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കിരിയുടെ നേതൃത്വത്തില്‍ പൊലിസ് പരിശോധന നടത്തിയത്. Banning of Unreguletted Deposit Scheams Act – 2019 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 93 പേരില്‍ നിന്നായി ഒരു കോടി 18-ലക്ഷത്തി 58,000 രൂപ പിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!