വാക്സിനെടുത്ത് സുരക്ഷിതരാകുക
കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും വാക്സിനെടുത്ത് സുരക്ഷിതരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനെടുക്കാത്തവരിൽ കോവിഡ് രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. രണ്ടാം ഡോസ് എടുക്കാൻ ബാക്കിയുള്ളവർ ഉടൻ തന്നെ രണ്ടാം ഡോസ് വാക്സിനെടുത്ത് പ്രതിരോധ ശേഷി വർധിപ്പിക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ മൂന്നാം ഡോസ് കരുതൽ ഡോസായി എടുക്കാം. കുടുംബത്തിലെ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇത്തരത്തിൽ കരുതൽ ഡോസ് കൂടി നൽകി സുരക്ഷിതരാക്കാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയും വാക്സിൻ എടുപ്പിച്ച് സുരക്ഷിതരാക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കേണ്ടതാണ്. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും മൂന്ന് തരം കോവിഡ് വാക്സിനും എടുക്കാനുള്ള സൗകര്യങ്ങൾ താഴെ കൊടുത്ത വിധം ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചകളിലും കോവിഷീൽഡ് വാക്സിൻ എടുക്കാം. വെള്ളിയാഴ്ചകളിൽ കോവാക്സിനും ശനിയാഴ്ചകളിൽ 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോർബെ വാക്സ് വാക്സിനും ലഭിക്കുന്നതാണ്. സർക്കാർ ജനറൽ ആശുപത്രി കോഴിക്കോട് ബീച്ച്, ജില്ലാ ആശുപത്രി വടകര, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്സിൻ ലഭ്യമായിരിക്കും. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.