വാഗ്ഭടാനന്ദ പാർക്ക് ഉദ്ഘാടനം
കേരളനവോത്ഥാനനായകരിൽ പ്രമുഖനും മലബാറിന്റെ പ്രബോധനചൈതന്യവും ആയിരുന്ന വാഗ്ഭടാനന്ദന്റെ കർമ്മഭൂമിയിൽ അദ്ദേഹത്തിന്റെ ആദർശങ്ങൾക്കിണങ്ങുന്ന വ്യത്യസ്തസ്മാരകം. ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിലെ നാദാപുരം റോഡ് റയിൽവേ സ്റ്റേഷൻ മുതൽ ദേശീയപാതാവരെയുള്ള ഇടനാഴി അത്യാധുനികരീതിയിൽ വികസിപ്പിച്ച് ഒരുക്കിയ വാഗ്ഭടാനന്ദ പാർക്ക് ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിച്ചു. സി.കെ. നാണു എം.എൽ.എ. അദ്ധ്യക്ഷനായി.
ടൂറിസം വകുപ്പാണു 2.80 കോടി രൂപ വിനിയോഗിച്ചു പാർക്ക് നിർമ്മിച്ചത്. നിർമ്മാണം നിർവ്വഹിച്ചത് വാഗ്ഭടാനന്ദൻതന്നെ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും.
വാഗ്ഭടാനന്ദഗുരു ആത്മവിദ്യാസംഘം സ്ഥാപിക്കാനും സംസ്ഥാനത്തിനപ്പുറത്തേക്കും വ്യാപിച്ച തന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാനും തെരഞ്ഞെടുത്ത പ്രദേശമാണ് ഊരാളുങ്കൽ എന്ന് ഇന്ന് അറിയപ്പെടുന്ന കാരക്കാട്. അവിടേക്കു വാഗ്ഭടാനന്ദൻ വന്നിറങ്ങിയത് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിലാണ്. അവിടെനിന്നു കേരളനവോത്ഥാനചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏടിന്റെ നിർമ്മിതിയിലേക്കു ഗുരു ചുവടുവച്ച അന്നത്തെ നടവഴിയാണ് വാഗ്ഭടാനന്ദ പാർക്കായി വികസിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തുടനീളം പൊതുവിടങ്ങൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കെ അതിനുള്ള മികച്ച മാതൃകയാണീ പാർക്ക്. ഇവിടെ വരുന്നവർക്കു ഗുരുസന്ദേശങ്ങൾ അറിയാനും അനുസ്മരിക്കാനും ശില്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഓപ്പൺ സ്റ്റേജ്, ബാഡ്മിന്റൻ കോർട്ട്, ഓപ്പൺ ജിം കുട്ടികളുടെ പാർക്ക് തുടങ്ങിയവയെല്ലാമുള്ള ഇവിടെ വഴിയോരവിശ്രമകൂടാരങ്ങളും ആൽച്ചുവടുകൾ പോലെയുള്ള ഇടങ്ങളിൽ കൂട്ടായി ഇരിക്കാനുള്ള സീറ്റിങ് കോർണറുകളും ധാരാളം ഇരിപ്പിടങ്ങളും ഭിന്നശേഷിക്കാർക്കടക്കമുള്ള ടോയ്ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ചെസ് ബോർഡിന്റെ ആകൃതിയിൽ പേവിങ് നടത്തി ഓപ്പൺ സ്റ്റേജിനെ മികച്ച ആക്റ്റിവിറ്റി ഹബ്ബായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു.
റോഡിൽ നേരത്തേതന്നെയുള്ള മത്സ്യമാർക്കറ്റും ബസ് സ്റ്റോപ്പും കിണറുമെല്ലാം പാർക്കിന്റെ രൂപകല്പനയ്ക്കൊത്തു നവീകരിച്ചത് ഇത്തരം പദ്ധതികൾക്കെല്ലാം മാതൃകയാണ്. ബഡ്സ് സ്കൂളിനും പള്ളിക്കും സമീപം വിപുലമായ പാർക്കിങ് സൗകര്യമുണ്ട്. കാഴ്ചകൾ കാണാൻ കിയോസ്കുകളും നിർമ്മിച്ചിരിക്കുന്നു.
പാർക്കിന്റെ പ്രവർത്തനം ഗതാഗതത്തെയും ഗതാഗതം പൊതുവിടമെന്ന നിലയിലുള്ള പാർക്കിന്റെ സ്വച്ഛതയെയും ബാധിക്കാതിരിക്കാനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പാർക്കിന്റെ ആകെ സ്റ്റ്രെച്ചായ 330 മീറ്ററിൽ രണ്ടു വരിയായി വാഹങ്ങൾ പോകാൻ കഴിയുമാറ് അഞ്ചര മീറ്ററാണു റോഡിനു നല്കിയിട്ടുള്ള വീതി. ഭാവിവികസനസാദ്ധ്യതകളും പരിഗണിച്ചിട്ടുണ്ട്.
വാഹനവേഗം നിയന്ത്രിക്കാൻ നിശ്ചിത അകലത്തിൽ ടേബിൾ ടോപ് ഹമ്പുകൾ, ഇരുവശത്തും നടപ്പാത, നടപ്പാതയെ വേർതിരിക്കാൻ ഭംഗിയുള്ള ബൊല്ലാർഡുകൾ, നടപ്പാതയിൽ ഉയർച്ചതാഴ്ചകൾ പരിഹരിച്ച് വീൽ ചെയറുകളുംമറ്റും പോകാൻ സഹായിക്കുന്ന ഡ്രോപ് കേർബുകൾ, കാഴ്ചാവൈകല്യമുള്ളവർക്കു നടപ്പാത തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈൽ ടൈലുകൾ തുടങ്ങിയ ആധുനികക്രമീകരണങ്ങളെല്ലാം പാർക്കിനെ ഭിന്നശേഷീസൗഹൃദവും സുരക്ഷിതവും ആക്കുന്നു. വെളിച്ചത്തിന്റെ ക്രമീകരണവും ശാസ്ത്രീയമായാണ്.
മനുഷ്യരുടെയും വാഹനങ്ങളുടെയും ചലനം നിയന്ത്രിക്കാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുന്ന സസ്യങ്ങളാണു മറ്റൊരു ആകർഷണം. കണിക്കൊന്ന, മന്ദാരം, കടൽത്താളി, ജമന്തി, നന്തിയാർവട്ടം, തെച്ചി, മുള തുടങ്ങിയ നാടൻ ചെടികൾക്കൊപ്പം ഈന്തപ്പന, ലേഡി പാം, കരീബിയൻ യൂക്ക, ഇന്തോനേഷ്യൻ സസ്യമായ ആനക്കൂവ, ഫൗണ്ടൻ പ്ലാന്റ് എന്നീ വൈദേശിക അലങ്കാരച്ചെടികളും പാർക്കിനു വർണ്ണച്ചന്തം ചാർത്തുന്നു. ചെടികൾ നനയ്ക്കാൻ ഡ്രിപ് ഇറിഗേഷൻ സംവിധാനവും സജ്ജം.
ഉദ്ഘാടനച്ചടങ്ങിൽ വടകര ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് കെ.പി. ഗിരിജ, ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റ് പി. ശ്രീജിത്ത്, ജില്ലാപ്പഞ്ചായത്ത് അംഗം എൻ.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശൻ, വാർഡ് മെമ്പർ ബിന്ദു വള്ളിൽ, ടൂറിസം ഡയറക്റ്റർ പി. ബാലകിരൺ, ടൂറിസം മേഖലാ ജോയിന്റ് ഡയറക്റ്റർ അനിതകുമാരി സി.എൻ., ഡിറ്റിപിസി സെക്രട്ടറി ബീന സി.പി., മെംബർ പി.കെ. ദിവാകരൻ മാസ്റ്റർ, യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു. റ്റി.പി. ബിനീഷ്, രഞ്ജിത്ത് യു., പി.വി. രാഘവൻ, ശ്രീധരൻ മടപ്പള്ളി, ജൗഹർ വെള്ളികുളങ്ങര, സജീവൻ ടി.കെ., രാമചന്ദ്രൻ കൊയിലോത്ത്, ബാബു പറമ്പത്ത്, പ്രദീപ് കുമാർ പുത്തലത്ത്, എൻ.പി. ഭാസ്കരൻ എന്നിവർ സന്നിഹിതരയി.