MAIN HEADLINES

വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി.

വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗം അയയ്ക്കുന്ന സന്ദേശം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ മയപ്പെടുത്താനോ അഡ്മിനു സാധിക്കില്ല. വാട്സാപ് പോലെയുള്ള മെസേജിങ് സേവന ആപ്പിൽ ഗ്രൂപ്പ് അംഗം ഇടുന്ന നിയമവിരുദ്ധ പോസ്റ്റിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമവ്യവസ്ഥകൾ ഇല്ലെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.   

‘ഫ്രണ്ട്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ ചേർത്തല സ്വദേശി മാനുവലിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പിലെ ഒരംഗം കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഇട്ടതിന്റെ പേരിൽ എറണാകുളം സിറ്റി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.  

വാട്സാപ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങളും തമ്മിൽ യജമാനൻ–ജോലിക്കാരൻ ബന്ധമോ തലവൻ–ഏജന്റ് ബന്ധമോ ഇല്ലെന്നു കോടതി പറഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങൾ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണ്. ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്മിനു കൂടുതലായി ഉള്ളതെന്നു ബോംബെ, ഡൽഹി ഹൈക്കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ശിക്ഷാനിയമത്തിൽ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യത്തിന്റെ ധാർമികമായ ബാധ്യത ചുമത്താനാകൂ. വാട്സാപ് അഡ്മിനെ ഇത്തരത്തിൽ ധാർമികമായി ബാധ്യതപ്പെടുത്തുന്ന പ്രത്യേക വ്യവസ്ഥ ഇല്ല. കലാപമുണ്ടാക്കാൻ നിയമവിരുദ്ധമായി സംഘം ചേരുമ്പോഴും പൊതുശല്യം ഉണ്ടാക്കുമ്പോഴും സ്ഥലമുടമയ്ക്കു ബാധ്യത വരുന്നത് നിയമത്തിൽ അത്തരം വ്യവസ്ഥ ഉള്ളതുകൊണ്ടാണ്. ഈ കേസിൽ ഉൾപ്പെട്ട പോക്സോ, ഐടി നിയമങ്ങളിലൊന്നും ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി. കേസ് കോടതി റദ്ദാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button