വാട്‌സ് ആപ്പിലെ ‘ഡിലിറ്റ് ഫോര്‍ എവരിവണ്‍’ രണ്ട് ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്

നിലവില്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അവ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്.
ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഫീച്ചറായിരുന്നു ഡിലീറ്റ് ഫോര്‍ എവരിവണ്‍. സന്ദേശങ്ങള്‍ മാറി അയച്ചും തെറ്റായി അയച്ചും ഉപഭോക്താക്കള്‍ കുഴപ്പത്തിലായ സാഹചര്യത്തിലാണ് വാട്‌സാപ്പ് 2018 ല്‍ ഈ സൗകര്യം അവതരിപ്പിച്ചത്. തുടക്കത്തില്‍ സന്ദേശം നീക്കം ചെയ്യാന്‍ ഏഴ് മിനിറ്റ് നേരം മാത്രമേ നല്‍കിയിരുന്നുള്ളു. ഇത് പിന്നീട് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡായി വര്‍ധിപ്പിക്കുകയായിരുന്നു.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ട് ദിവസം 12 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. അതായത് ഈ ഫീച്ചര്‍ താമസിയാതെ തന്നെ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും.

വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു വിധ സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. സന്ദേശങ്ങള്‍ മാത്രമല്ല രണ്ട് പേരുടേയും ഫോണുകളില്‍ നിന്ന് ചാറ്റ് നീക്കം ചെയ്യാനും ടെലഗ്രാം സൗകര്യം ഒരുക്കിയിട്ടുണ്ട്.

അടുത്തിടെ വന്ന അപ്‌ഡേറ്റില്‍ സന്ദേശങ്ങള്‍ക്കുള്ള റിയാക്ഷനുകളായി ഏത് ഇമോജിയും ഉപയോഗിക്കാന്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്.

Comments

COMMENTS

error: Content is protected !!