ഭാര്യയുമായി സൗഹൃദത്തിലായ മാത്തോട്ടം സ്വദേശിയെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിനു സഹായം നൽകിയ 3 പേർ അറസ്റ്റിൽ
പയ്യാനക്കൽ സ്വദേശിയായ യുവാവിന്റെ ഭാര്യയുമായി സൗഹൃദത്തിലായ മാത്തോട്ടം സ്വദേശിയെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ മൂന്നു പേരെ സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും മാറാട് സബ് ഇൻസ്പെക്ടർ ശശികുമാറും ചേർന്ന് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
ഉഡുപ്പിയിൽ നിന്ന് സംഭവത്തിൽ ഉൾപ്പെട്ടവരെ മൂന്നു പേരെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണു സഹായങ്ങൾ നൽകിയവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ നിർദേശ പ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമിച്ചത്.
സംഭവത്തിനു ശേഷം യുവാവിന്റെ കയ്യിൽ നിന്നു കവർന്ന മൊബൈൽ ഫോൺ, കടലിലെറിഞ്ഞു നശിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിനു നൽകുകയും ചെയ്തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ നടുവട്ടം ചേനോത്ത് സ്കൂളിന് അടുത്തുള്ള വീട്ടിൽ ഒളിവിൽ താമസിപ്പിച്ചതിനാണു ഫിറോസിനെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നൽകുകയും കൂടാതെ മറ്റു സഹായങ്ങൾ ചെയ്തതിനുമാണ് സുഷീറിനെ അറസ്റ്റ് ചെയ്തത്.
സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സീനിയർ സിപിഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജുൻ അർജുനപുരി, മാറാട് സ്റ്റേഷനിലെ സീനിയർ സിപിഒ മാമുക്കോയ, സൈബർ സെല്ലിലെ പി കെ വിമീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.