വാവേയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസമെത്തും

ചൈ നീസ് ബ്രാന്റായ വാവേയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണായ വാവേ മേറ്റ് 20 എക്‌സ് 5ജി ഈ മാസമെത്തും. ആന്‍ഡ്രോയിഡ് ഫോണുകളുടെ നിര്‍മാതാക്കളെന്ന നിലയില്‍ വാവേയുടെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് വാവെയുടെ പുതിയ ഫോണ്‍ എത്തുന്നത്.

 

ചൈനയില്‍ ജൂലായ് 26 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആമസോണ്‍ ഇറ്റാലിയന്‍ വെബ്‌സൈറ്റില്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂലായ് 12 മുതല്‍ യുഎഇയിലും ഫോണ്‍ ലഭ്യമാവും.

 

കാഴ്ചയില്‍ നിലവില്‍ വിപണിയിലുള്ള മേറ്റ് 20 എക്‌സ് സ്മാര്‍ട്‌ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്‌ക്രീന്‍ വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. എന്നാല്‍ 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

5ജി ബാലോങ് 5000 മോഡം ഇതില്‍ ചേര്‍ത്തു. ബാറ്ററി 4200 എംഎഎച്ച് ല്‍ നിന്നും 5000 എംഎഎച്ച് ആയി ഉയര്‍ത്തി. റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആക്കി.

 

അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിലാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് വാവേയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയിരിക്കുകയാണ്.

 

വാവേയുടെ ആദ്യ 5ജി ഫോണ്‍ കഴിഞ്ഞ ജൂണില്‍ ബ്രിട്ടനില്‍ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് കമ്പനി അതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

 

അതേസമയം, വാവേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നു എന്ന സൂചനയുണ്ട്. എന്നാല്‍ ഈ നീക്കം വാവേയുടെ ഭാവി ഫോണുകള്‍ക്ക് അനുകൂലമാവുമോ എന്ന് വ്യക്തമല്ല.
Comments

COMMENTS

error: Content is protected !!