വാഹനങ്ങളിലെ തീപ്പിടുത്തം തടയുന്നതിന് സമഗ്ര പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്
വാഹനങ്ങളിലെ തീപ്പിടുത്തം തടയുന്നതിന് സമഗ്ര പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വൈദ്യുത വാഹനങ്ങളുടെ സാങ്കേതികതയെ പറ്റി ഉദ്യോഗസ്ഥര്‍ക്കെല്ലാം പരിശീലനം നല്‍കാനും എംവിഡി നടപടികൾ ആരംഭിച്ചു. ചെന്നൈ ഐഐടി, എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയുടെ സഹായത്തോടെയായിരിക്കും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക.
വാഹനങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കുറച്ചു കൊണ്ടുവരാന്‍ ശ്രീചിത്ര എന്‍ജിനിയറിങ് കോളേജ്, ഗവണ്മെന്റ് എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടാന്‍ ഇടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
വൈദ്യുത വാഹനങ്ങളിലടക്കം തീപ്പിടുത്തം സംഭവിക്കുന്നതിന്റെ സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി ഇതു വരെ നടന്ന തീപ്പിടുത്തങ്ങളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ സര്‍വേയിലൂടെ ശേഖരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.