വാർഷികാഘോഷങ്ങൾ കൊടിയിറങ്ങി സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ കോഴിക്കോട്ട് സമാപിച്ചു.

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടി, കോഴിക്കോട് ബീച്ചിൽ നടന്നു. സമാപനചടങ്ങ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനിടെ ആവിഷ്കരിച്ച പദ്ധതികളാണ് മേളയിലൂടെ ജനങ്ങളിലേക്കെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കും. മലയോര പ്രദേശത്തെ പശ്ചാത്തല വികസനം ഉറപ്പുവരുത്തും. ഒൻപത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ പാതയുടെ പ്രവർത്തികൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നു. കോഴിക്കോട്- വയനാട് തുരങ്കപാത നിർമാണത്തിനായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ബേപ്പൂർ തുറമുഖ വികസനം കേരളത്തിൽ ഒരു വലിയ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരുന്നു. എം എൽ എമാരായ ടി പി രാമകൃഷ്ണൻ, പി ടി എ റഹീം, ഇ കെ വിജയൻ, കാനത്തിൽ ജമീല, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ. സ്വാഗതവും ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്‌ഡി നന്ദിയും പറഞ്ഞു.

ഡി ഐ ജി ആന്റ് കമ്മീഷണർ ഓഫ് പോലീസ് എ അക്ബർ ഐ പി എസ്, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ അനുപം മിശ്ര, സബ് കലക്ടർ വി ചെൽസാസിനി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്‌ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി അയ്യപ്പൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!