CRIME

വിഡിയോ കോളിൽ ആത്മഹത്യാരംഗം; യുവാവിനെ കുറ്റിക്കാട്ടിൽ കണ്ടെത്തി

അങ്കമാലി∙ പ്രേമ നൈരാശ്യത്താൽ വാട്സാപ് വിഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങൾ കാണിച്ച ഇരുപതുകാരനായ കോളജ് വിദ്യാർഥിയെ കൈ ഞരമ്പുകൾ മുറിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. എളവൂർ റെയിൽവേ മേൽപാലത്തിനും കറുകുറ്റി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് കണ്ടെത്തിയത്. ഞാനിവിടെ കിടന്നു മരിക്കുമെന്നു പറഞ്ഞു യുവാവ് കോട്ടയം സ്വദേശിയായ കാമുകിയെ വിഡിയോ കോൾ ചെയ്തിരുന്നു.

 

കോൾ അവസാനിപ്പിച്ച യുവതി ഉടനെ കോട്ടയം പൊലീസിൽ വിവരം നൽകി. വാട്സാപ് വിഡിയോ കോൾ ലൊക്കേഷൻ മനസ്സിലാക്കിയ അവർ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു വിദ്യാർഥിയായ യുവാവ് കാമുകിയെ സന്ദർശിച്ച ശേഷം ട്രെയിനിൽ കറുകുറ്റിയിൽ എത്തുകയായിരുന്നു. ഇതിനു ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ചത്. 2 മണിക്കൂർ തെരച്ചിലിനു ശേഷം രാത്രി 8 മണിയോടെയാണ് അവശനിലയിൽ യുവാവിനെ കണ്ടെത്തിയത്.

 

2 പ്രാവശ്യം പൊലീസ് ഈ ഭാഗത്തു കൂടി കടന്നുപോയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴി​ഞ്ഞില്ല. ഇതിനിടെ ഇയാളുടെ ഫോണിന്റെ ബാറ്ററി തീർന്നു പോയതും പൊലീസിനു തലവേദനയായി. ആൾ സഞ്ചാരമില്ലാത്ത ഇവിടേക്കു കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരം ചുമന്നാണ് യുവാവിനെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എസ്ഐ സിഐ വിൽസൺ, ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, ജിസ്മോൻ, രഞ്ജിത്ത് കുറുപ്പ്, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button