വാനിൽ നിന്ന് കരഞ്ഞുകൊണ്ടോടി കുട്ടി, രക്ഷപ്പെടുത്താൻ ശ്രമിച്ച വിദ്യാർഥിനിയെ ആക്രമിച്ചു

കളമശേരി ∙ റോഡരികിൽ നിർത്തിയ വാനിൽ നിന്ന് കരഞ്ഞുകൊണ്ടോടിയെത്തിയ 4 വയസ്സുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച  ബിരുദ വിദ്യാർഥിനിയെ കത്തികൊണ്ട് ആക്രമിച്ച് പരുക്കേൽപിച്ച ശേഷം വാനിലെത്തിയ സംഘം കുട്ടിയുമായി രക്ഷപ്പെട്ടതായി പരാതി. കൈത്തണ്ടയ്ക്കു പരുക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വിടാക്കുഴ എൻഎഡി റോഡിനു സമീപമാണ് സംഭവം.
വിദ്യാർഥിനി എറണാകുളത്തെ കോളജിലേക്ക് പോകുന്നതിനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. അപ്പോൾ റോഡിൽ നിർത്തിയിട്ടിരുന്ന വാനിൽ നിന്ന് കുട്ടി കരഞ്ഞുകൊണ്ട് ഓടിയിറങ്ങി രക്ഷയ്ക്കായി വിദ്യാർഥിനിയുടെ സമീപം അഭയം തേടിയത്. വാനിൽ നിന്നിറങ്ങിയ മുഖം മറച്ചയാൾ കുട്ടിയെ ബലമായി വാനിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണെന്നു സംശയം തോന്നിയ വിദ്യാർഥിനി ഓടിച്ചെന്ന് കുട്ടിയുടെ കാലിൽ പിടിച്ചു. കാറിൽ വന്നയാൾ വിദ്യാർഥിനിയെ കത്തികൊണ്ട് ആക്രമിച്ചു. കൈത്തണ്ടയ്ക്ക് പരുക്കേറ്റതോടെ ഭയന്നു കുട്ടിയുടെ കാലിൽ നിന്നു വിദ്യാർഥിനി പിടിവിട്ടതോടെ സംഘം കുട്ടിയെയും കയറ്റി പൈപ്പ്‍ലൈൻ റോഡിലൂടെ ആലുവ ഭാഗത്തേക്ക് വാഹനം ഓടിച്ചുപോയെന്നാണ് വിദ്യാർഥിനി പറയുന്നത്.
കുട്ടിക്കും മുറിവേറ്റിട്ടുണ്ടെന്ന് വിദ്യാർഥിനി പറഞ്ഞു. വിവരമറിഞ്ഞ് കുടുംബസുഹൃത്ത് എത്തിയാണ് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത്. വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കളമശേരി ഇൻസ്പെക്ടർ എ.പ്രസാദ് അറിയിച്ചു. സംഭവം നടന്നതിനു സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് സമീപ സ്റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറ‍ഞ്ഞു.
Comments

COMMENTS

error: Content is protected !!