വിദ്യാലയങ്ങൾ തുറക്കാവുന്ന സാഹചര്യം. തീരുമാനം ചർച്ചകൾക്ക് ശേഷം – മുഖ്യമന്ത്രി
കോവിഡ് വ്യാപന തീവ്രത കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ചർച്ചകൾ തുടർന്നു വരികയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവിൽ ഡബ്ലുഐപിആർ ഏഴ് ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ ഡബ്ലുഐപിആർ എട്ട് ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ചുരുക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആദ്യ ഡോസ് 80 ശതമാനം പൂർത്തിയായ ജില്ലകളിൽ ആന്റിജൻ ടെസ്റ്റ് ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കാനും അല്ലാത്ത സന്ദർഭങ്ങളിൽ ആർടിപിസിആർ പരിശോധന മാത്രമാക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.