വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു.
സുഹൃത്തിനെ വെടിവെച്ചുകൊന്നശേഷം യുവാവ് സ്വയം ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ദന്തൽ കോളേജിൽ അവസാനവർഷ ബിഡിഎസ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് പാർവണത്തിൽ പി വി മാനസ(24)യാണ് വെടിയേറ്റ് മരിച്ചത്. കൊല നടത്തിയ കണ്ണൂർ പാലയാട് മേലൂർ രാഹുൽനിവാസിൽ രാഖിൽ പി രഘുത്തമൻ(32) സ്വയം വെടിവെച്ച് മരിച്ചു.
വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. കോളേജിനുസമീപത്താണ് മാനസ മൂന്ന് കൂട്ടുകാരികളോടൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്നത്. സന്ദർശനത്തിനെത്തിയ രാഖിൽ യുവതിയെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം വെടിയുതിർക്കുകയായിരുന്നു. കൂട്ടുകാരികളുടെ കരച്ചിൽകേട്ട് സമീപവാസികളും ഓടിയെത്തി. ഹോസ്റ്റൽമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാനസയുടെ തലയിലും വയറ്റിലുമാണ് വെടിയേറ്റത്.
മാനസിയെ ശല്യം ചെയ്‌തതിന് രാഖിലിനെതിരെ തലശ്ശേരി പൊലീസിൽ പരാതി നിലവിലുണ്ട്. ഇനി ശല്യം ചെയ്യില്ലെന്നു ഇയാൾ ഉറപ്പ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. മാനിസി താമസിക്കുന്നതിന് തൊട്ടടുത്ത് വീട് വാടകയ്ക്ക് എടുത്താണ് രാഖിൽ കൊല ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് നിഗമനം
കണ്ണൂർ നാറാത്ത് ടി സി ഗേറ്റിനുസമീപം പാർവണം വീട്ടിൽ പി വി മാധവന്റെയും രാമഗുരു യുപി സ്‌കൂൾ അധ്യാപിക എൻ സബീനയുടെയും മകളാണ് മാനസ. ധർമടം മേലൂർ വടക്ക് മമ്മാക്കുന്ന് പാലത്തിനടുത്ത് രാഹുൽ നിവാസിൽ രഘുത്തമന്റെയും രജിതയുടെയും മകനാണ് രാഖിൽ. ഇന്റീരിയർ ഡിസൈനറാണ്.