വിദ്വേഷപ്രസംഗ കേസ്; പി സി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ഇതോടെ അദ്ദേഹത്തിന് ഇന്നുതന്നെ ജയില്‍ മോചിതാനാകാന്‍ സാധിച്ചേക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോര്‍ജിന്റെ ജാമ്യം കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് എറണാകുളത്തെത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്തത്.
അറസ്റ്റിലായ പി സി ജോര്‍ജിനെ കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയായിരുന്നു റിമാന്‍ഡിലായത്.