വിനോദ യാത്രയ്ക്കായി വ്യാജ വിമാന ടിക്കറ്റ് നൽകി പണം തട്ടിയ ആള്‍ പിടിയില്‍
താമരശ്ശേരി: വിനോദയാത്രയുടെ പേരില്‍ അധ്യാപകരില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പണം തട്ടിയ ആള്‍ പിടിയില്‍. പരപ്പന്‍പൊയില്‍ ഓടക്കുന്ന് ശാന്തിഭവനില്‍ വികെ പ്രേംദാസ്(57) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോഴിക്കോട് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ഗോവിന്ദപുരം സ്വദേശി ആര്‍. രഘുചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിനോദ യാത്രക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞ് വ്യാജ വിമാന ടിക്കറ്റുകള്‍ അയച്ച് 2.52 ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ചുവെന്നാണ് പരാതി. വ്യാജ വിമാന ടിക്കറ്റ് അയച്ചു കൊടുത്ത പ്രേംദാസ് ഗൂഗിള്‍പേ വഴിയും നേരിട്ടും പണം കൈപ്പറ്റി. യാത്രയുടെ വിശദാംശം അറിയാന്‍ പ്രേംദാസിനെ ബന്ധപ്പെട്ടിട്ട് ഫോണ്‍ ലഭ്യമായില്ല. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ടൂര്‍ ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോഴാണ് യാത്രാസംഘത്തിന്റെ ലിസ്റ്റില്‍ ഇല്ലെന്നും കബളിപ്പിക്കപ്പെട്ടന്നും പരാതിക്കാരന്‍ മനസിലായത്.
സെപ്തംബര്‍ നാലിനായിരുന്നു പരാതിക്കാരന്റെ ഉള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ ലഡാക്കിലേക്കും കശ്മീരിലേക്കും മറ്റുമായി യാത്ര നിശ്ചയിച്ചിരുന്നത്. സമാനരീതിയില്‍ പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തതായും താമരശ്ശേരി പൊലീസ് അറിയിച്ചു. കോഴിക്കോട് പല സ്‌കൂളുകളിലെയും അധ്യാപകര്‍ വിനോദയാത്ര വാഗ്ദാനം വിശ്വസിച്ച് പണം കൈമാറിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ പ്രത്യേക ടൂര്‍പാക്കേജ് ഒരുക്കാമെന്നു പറഞ്ഞായിരുന്നു പലരെയും സമീപിച്ചിരുന്നത്. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉള്‍പ്പെടെ മുന്‍കൂറായി തുക വേണമെന്ന് പറഞ്ഞ് പണം കൈപ്പറ്റുന്നതായും അതിന്റെ രശീതു നല്‍കിയതയുമാണ് വിവരം. പ്രേമദാസ് അധ്യാപകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് വിനോദയാത്രാ വാഗ്ദാനവുമായി കൂടുതലായി സമീപിച്ചതെന്നാണ് വിവരം.