വിനോദ സഞ്ചാരം കണ്ണീർ കയത്തിൽ

 

വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും നിശ്ചലമായി. കൊറോണ തീർത്ത ഒറ്റപ്പെടലുകളിൽ നിന്നും ആശ്വാസം തേടി എത്തിയവരാൽ സജീവത വീണ്ടെടുത്ത ഇടങ്ങളിൽ ആളൊഴിഞ്ഞു. ഇടക്കാലത്ത് വൈറസ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞതോടെ ഏറ്റവും പെട്ടെന്ന് പ്രതീക്ഷ വീണ്ടെടുത്ത രംഗമായിരുന്നു. ഒരു വർഷത്തിലേറെ നീണ്ട വീട്ടിലിരിപ്പിന്റെയും ആവർത്തനങ്ങളുടെയും വിരസത മറികടക്കാൻ വിനോദ കേന്ദ്രങ്ങളിലേക്ക് പതിവ് സീസണുകളേക്കാൾ ആളുകൾ എത്തി തുടങ്ങിയതാണ്. കൊറോണ കാരണം ആദ്യം നിശ്ചലമായ മേഖല തന്നെ ഏറ്റവും ആദ്യം സജീവത വീണ്ടെടുക്കുന്നു എന്ന പ്രതീക്ഷയാണ് തകരുന്നത്.

പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ആദ്യം ഉണർന്നത്. കുടുംബങ്ങളും കുട്ടികളും പ്രിയപ്പെട്ടവരുമായി ആശ്വാസ യാത്രാ കേന്ദ്രങ്ങളായി ഇവ മാറി. ദീർഘ കാലത്തെ അടച്ചിരിപ്പിന്റെ കെട്ടുകളെ മറികടന്ന് ജീവിതം പഴയ താളം വീണ്ടെടുക്കുകയായിരുന്നു. പ്രളയവും പകർച്ചവ്യാധിയും തകർത്തവർ ഉണർവ്വിന്റെ പ്രതീക്ഷയിലായിരുന്നു.

പല വിനോദ കേന്ദ്രങ്ങളും ഈ അവസരം മനസിലാക്കി പുതു മോടികൾ ഏർപ്പെടുത്തി. നഷ്ടങ്ങൾ പരിഗണിക്കാതെ പുതിയ കുതിപ്പിനായി ഒരുങ്ങി. സൌകര്യങ്ങൾ വിപുലപ്പെടുത്തി. ആഹാരങ്ങളുടെയും കൌതുകങ്ങളുടെയും സ്റ്റാളുകൾ അണിയിച്ചൊരുക്കി. ഇതര മേഖലകളിൽ കൊറോണ ഉപജീവനം മുട്ടിച്ചവരും വിനോദ രംഗത്തെ സജീവതയിൽ പ്രതീക്ഷയർപ്പിച്ചു. വാടക പോലും നൽകാൻ കഴിയാതെ കുഴഞ്ഞവർ നഷ്ടങ്ങൾ മറികടക്കാൻ പുതിയ വായ്പകളും കടങ്ങളും വാങ്ങിച്ച് തയാറായി. പുതിയ കരാറുകളും കൈമാറ്റങ്ങളുമുണ്ടായി.

ഈ പ്രതീക്ഷകൾ എല്ലാം വന്നപോലെ പോയി എന്ന അവസ്ഥയാണിപ്പോൾ. കൂടുതൽ നഷ്ടങ്ങളുടെ ചുഴിയിലേക്ക് വൈറസിന്റെ മൂന്നാം വരവ് ഇവരെയെല്ലാം എത്തിച്ചിരിക്കുന്നു. നിയന്ത്രണങ്ങളും കടുത്തതോടെ ഒറ്റയാത്രികർ പോലുമില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട യാത്രകളും ബുക്ക് ചെയ്തവയും എല്ലാം പിൻവലിക്കപ്പെട്ടു. ഇരട്ട നഷ്ടമാണ് വിനോദ സഞ്ചാര മേഖലയ്ക്കുമേൽ വന്ന് പതിച്ചിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!