വില്ലടിച്ചാൻപാട്ടിന് പുനർജീവൻ നൽകാൻ കലാകാരന്‍മാരുടെ കൂട്ടായ്മ
കൊയി ലാണ്ടി: വില്ലടിച്ചാൻ പാട്ട് ക്ഷേത്ര വേദികളിലെത്തിക്കാൻ നെല്ല്യാടി ശ്രീരാഗം ആർട്സ് പ്രവർത്തകർ ശ്രമമാരംഭിച്ചതായി സംഘാടകർ അറിയിച്ചു. ഈ കലാരൂപത്തെ സ്നേഹിക്കുന്നവരാണ് ഒരുക്കങ്ങൾ നടത്തുന്നത്. കേരളത്തിലെ ക്ഷേത്ര ഉത്സവാഘോഷ വേദികളിലെ ഒരു പ്രധാന ഇനമായിരുന്നു അനുഷ്ഠാന കലാരൂപമായ വിൽക്കലാമേള. വില്ലടിച്ചാൻപാട്ട്, വില്ലുപാട്ട്, വിൽപ്പാട്ട്, വില്ലു കൊട്ടിപ്പാട്ട്, എന്നീ പേരുകളിൽ ഇതിന് വലിയ പ്രചാരമുണ്ടായിരുന്നു. ഗാനമേളകളും, നാടകങ്ങളും ഉൽസവവേദി കൈയടക്കിയപ്പോൾ അന്യം നിന്നുപോയ അവസ്ഥയാണിപ്പോൾ.
ചിലപ്പതികാരം എന്ന ഇതിഹാസകഥയാണ് ഇതിനായി തെരഞ്ഞെടുത്തതും അരങ്ങിലെത്തിക്കുന്നതും. ഡോ ആർ സി കരിപ്പത്തിൻ്റെ രചനക്ക് ഗംഗാധരൻ പെരിങ്കുനിയാണ് സംവിധാനം നിർവ്വഹിച്ചത്. പാലക്കാട് പ്രേംരാജാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ശക്തൻകുളങ്ങര ക്ഷേത്രസന്നിധിയിൽ പരിപാടി നടന്നു. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, കലാഭവൻ സരിഗ, കൊടക്കാട്ട് കരുണൻ, ശിവൻ സാവേരി, മനോജ് കൊല്ലം, ദിനേശ് കൊല്ലം, നകുലൻ കോഴിക്കോട്, ഗിരീഷ് നെല്ല്യാടി, പുത്തൻപുരയിൽ രാമചന്ദ്രൻ ,അയ്യപ്പൻ എന്നിവർ സംബന്ധിച്ചു.