വിവാദ ഫോണുകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക്; ദിലീപിൻ്റെ ജാമ്യം ഇന്നും തീരുമാനമെടുക്കാതെ ഹൈക്കോടതി.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഫോണുകള്‍ക്കായി അന്വേഷണസംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.

അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാല്‍തന്നെ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂർ ജാമ്യഹര്‍ജിയിലെ വിധി ഇന്നുണ്ടാകില്ല.

ദിലീപ് ഹാജരാക്കിയ ഫോണുകളുടെ പരിശോധന സംബന്ധിച്ച നടപടികളാണ് ചൊവ്വാഴ്ച കോടതിയില്‍ പ്രധാനമായും നടന്നത്. ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, ദിലീപ് തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. ഈ ഫോണില്‍നിന്ന് 2000-ഓളം കോളുകള്‍ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ കൈമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദിലീപ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മുറിയില്‍ സൂക്ഷിച്ച ഫോണുകളാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചത്. പ്രോസിക്യൂഷന്‍ അഭിഭാഷകരും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരും ഫോണുകള്‍ പരിശോധിച്ചു. സൈബര്‍ വിദഗ്ധരും പ്രതിഭാഗവും ഫോണുകളുടെ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഫോണുകളുടെ ലോക്ക് അഴിക്കാനുള്ള പാറ്റേണ്‍ കൈമാറാമെന്ന് പ്രതിഭാഗവും കോടതിയെ അറിയിച്ചു.

ഫോണുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെയ്ക്കുന്നതായി കോടതി അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Comments

COMMENTS

error: Content is protected !!